കോതമംഗലം: ഉത്തരേന്ത്യയിലെ കൊടും തണുപ്പും ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതും കേരളത്തിലെ പൈനാപ്പിൾ കൃഷിക്ക് തിരിച്ചടിയാകുന്നു. വാങ്ങാൻ ആളില്ലാതായതോടെ വില കൂപ്പുകുത്തി. ലക്ഷങ്ങൾ മുടക്കിയ കർഷകർ പ്രതിസന്ധിയിലാണ്.

ഉത്തരേന്ത്യയിലെ കൊടും തണുപ്പിനൊപ്പം കർണാടക, ഗോവ സംസ്ഥാനങ്ങളിൽ കൃഷി വ്യാപകമായതും വിലയിടിവിനു കാരണമായി. കിലോയ്ക്ക്് 30 രൂപ വില കിട്ടിയിരുന്നിടത്ത്, പത്തിൽ താഴെയാണ് ഇപ്പോഴത്തെ വില.

അതിശൈത്യമാണ് മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പൈനാപ്പിളിന്റെ വൻ വിപണിയെ തളർത്തിയത്. മുംബൈയാണ് പൈനാപ്പിളിന്റെ പ്രധാന വിപണി. കർണാടകം, ഗോവ സംസ്ഥാനങ്ങളിൽനിന്ന് ഇവിടങ്ങളിലേക്ക് പൈനാപ്പിൾ എത്തിത്തുടങ്ങിയതും കേരളത്തിന് തിരിച്ചടിയായി.

ഏക്കറൊന്നിന് പാട്ടത്തുകയും കൃഷിച്ചെലവും അടക്കം 2.25 ലക്ഷം രൂപ വരുമെന്ന്് കോതമംഗലത്തെ കർഷകനും വ്യാപാരിയുമായ ബിനോയ് മണ്ണഞ്ചേരി പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ 10 ടൺ പൈനാപ്പിൾ വിറ്റാൽ പോലും ഒരു ലക്ഷം രൂപയേ കിട്ടുകയുള്ളു. നഷ്ടക്കച്ചവടമായതോടെ വ്യാപാരികൾ വിപണിയിൽനിന്ന് പിൻമാറിയിരിക്കുകയാണ്.

കൃഷിയിടങ്ങളിൽ പൈനാപ്പിൾ കൂട്ടിയിട്ട് നശിപ്പിക്കേണ്ട ഗതികേടിലാണ് കർഷകർ. അല്പമെങ്കിലും ആശ്വാസമായത് പ്രാദേശിക കാർഷിക വിപണികളാണ്.

പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിന് ഫണ്ട് വേണം

പ്രളയത്തെ തുടർന്നുണ്ടായ വൻ ഉത്പാദന നഷ്ടം മൂലം പ്രതിസന്ധിയിലായ പൈനാപ്പിൾ മേഖലയ്ക്ക് കൂടുതൽ പ്രഹരമാണ് ഇപ്പോഴത്തെ പ്രതിസന്ധി. പൈനാപ്പിൾ സംഭരണത്തിനും സംസ്കരണത്തിനും സൗകര്യം ഏർപ്പെടുത്തിയാൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. അതിന് വാഴക്കുളം ‘അഗ്രോ ഫ്രൂട്‌സ് പ്രോസസിങ് കമ്പനി’യുടെ പ്രവർത്തനം വിപുലീകരിക്കാനും വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കണം.

-ജെയിംസ് തോട്ടുമാലിൽപ്രസിഡന്റ്

‌വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ

Content Highlights:  pineapple farmers facing problems