കൊച്ചി: രാജ്യത്ത് പ്രകൃതിദത്ത റബ്ബറിന്റെ ഉത്പാദനം നടപ്പു സാമ്പത്തിക വർഷം ആറു ലക്ഷം ടണ്ണായി കുറയുമെന്ന് അനുമാനം. 12 ലക്ഷം ടണ്ണാണ് ഇന്ത്യയുടെ റബ്ബർ ഉപഭോഗം. അതിനാൽ, ഇറക്കുമതി ഏതാണ്ട് ആറു ലക്ഷം ടണ്ണായി ഉയരും. ഇതോടെ, ചരിത്രത്തിൽ ആദ്യമായി പ്രകൃതിദത്ത റബ്ബറിന്റെ ഉത്പാദനവും ഇറക്കുമതിയും ഈ വർഷം ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും.

രാജ്യത്തെ റബ്ബർ ഉത്പാദനത്തിന്റെ 90 ശതമാനത്തിലേറെയും സംഭാവന ചെയ്തിരുന്ന കേരളത്തിൽ ഉത്പാദനം കുറഞ്ഞതാണ് ഈ സാഹചര്യമുണ്ടാക്കിയിരിക്കുന്നതെന്ന് റബ്ബർ കർഷകർ പറയുന്നു. വെള്ളപ്പൊക്കം കാരണം ഇത്തവണ കേരളത്തിൽ ഉത്പാദനം നന്നായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ത്രിപുര, അസം, ഒഡിഷ, മേഘാലയ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ റബ്ബർ ഉത്പാദനം ഗണ്യമായി ഉയരുന്നുണ്ട്.

വിലത്തകർച്ചയ്ക്കും ഉയർന്ന തൊഴിൽ വേതനത്തിനും പുറമെ റീ പ്ലാന്റേഷന് നിലനിൽക്കുന്ന നിയന്ത്രണങ്ങളും കേരളത്തിൽ പ്രകൃതിദത്ത റബ്ബർ മേഖലയെ തകർക്കുകയാണെന്ന് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡയറക്ടറായ വെങ്കിട്ടരാമൻ ആനന്ദും എക്‌സിക്യുട്ടീവ് ഡയറക്ടർ സന്തോഷ് കുമാറും പറഞ്ഞു.

കേരളത്തിൽ റബ്ബർകൃഷി മൊത്തം 13 ലക്ഷം ഏക്കറിലാണ്. കാലാവധി കഴിഞ്ഞ മരങ്ങൾ വെട്ടിമാറ്റാനോ റീ പ്ലാന്റ് ചെയ്യാനോ സാധിക്കാത്തതുമൂലം 35-40 ശതമാനം ഭാഗത്ത് ഉത്പാദനക്ഷമതയില്ലാത്ത മരങ്ങളാണ്. ഇതുമൂലം ഈ മേഖലയുടെ വരുമാനം കുറയുകയാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് സൃഷ്ടിക്കുന്നതെന്ന് അവർ ആരോപിച്ചു.

2012-13 സാമ്പത്തിക വർഷം ഉത്പാദനം ഒമ്പതു ലക്ഷം ടൺ കടന്നിരുന്നു. ആ നിലയിൽനിന്നാണ് ഇപ്പോൾ ആറു ലക്ഷത്തിലേക്ക് എത്തുന്നത്. 2015 മുതൽ വില താഴോട്ടു പോകുന്നതും റബ്ബർ കർഷകരെയും പ്ലാന്റേഷനുകളെയും വലയ്ക്കുകയാണ്.