കൊച്ചി: പ്രളയം കേരളത്തിലെ കുരുമുളക് കൃഷിയുടെ അടിത്തറയാണ് ഇളക്കിയത്. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ 40 ശതമാനം കുരുമുളക് കൃഷിയാണ് നശിച്ചതെന്ന് സർക്കാർ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന പെപ്പർ ടാസ്ക് ഫോഴ്‌സ് യോഗത്തിലാണ് വിവിധ സർക്കാർ ഏജൻസികൾ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. വയനാട്ടിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. വയനാട്ടിൽ 90 ശതമാനത്തിൽ കൂടുതൽ നാശമുണ്ടായതായി സർക്കാർ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ ഏതാണ്ട് 30 ശതമാനം നാശമാണുണ്ടായത്. കർണാടകത്തിൽ കുടക്, സഖ്‌ലേഷ്‌പുർ, ഹസ്സൻ, ചിക്മംഗളൂർ എന്നിവിടങ്ങളിലായി 40 ശതമാനം കൃഷിനാശമുണ്ടായി.

വൻതോതിൽ കൃഷിനാശമുണ്ടായിട്ടും വില ദിവസേന താഴുന്നത് കർഷകരെ വലയ്ക്കുകയാണ്. പ്രളയത്തിനു ശേഷം ആദ്യ ദിവസങ്ങളിൽ മുളകിന് നേരിയ തോതിൽ വില കൂടിയെങ്കിലും പിന്നീട് താഴേക്ക് പോയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കിലോഗ്രാമിന് 17 രൂപയാണ് കുറഞ്ഞത്. അൺഗാർബിൾഡ് ക്വിന്റലിന് 37,400 രൂപയും ഗാർബിൾഡിന് 39,400 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.

വിയറ്റ്‌നാമിൽനിന്നുള്ള ഇറക്കുമതിയാണ് കുരുമുളക് വില ഇടിയാൻ കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിൽ വിയറ്റ്‌നാമിൽനിന്ന് 13,500 ടൺ കുരുമുളക് രാജ്യത്ത് ഇറക്കുമതി ചെയ്തതായി വിയറ്റ്‌നാം പെപ്പർ അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ മ്യാൻമർ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇക്കാലയളവിൽ 6,800 ടൺ കുരുമുളക് കയറ്റുമതി ചെയ്തതായും വിയറ്റ്‌നാം പെപ്പർ അസോസിയേഷൻ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിൽനിന്ന് കുരുമുളക് അനധികൃതമായ വഴികളിലൂടെ ഇന്ത്യയിലേക്ക് വരുന്നതായും കച്ചവടസമൂഹം ചൂണ്ടിക്കാട്ടുന്നു. വിയറ്റ്‌നാമിൽനിന്ന് ഏറ്റവും കൂടുതൽ കുരുമുളക് ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് വിയറ്റ്‌നാമിന്റെ കണക്കിൽ പറയുന്നു.

വിയറ്റ്‌നാം കുരുമുളകിന് അന്താരാഷ്ട്ര വിപണിയിൽ ടണ്ണിന് 2,800 ഡോളർ മാത്രമാണുള്ളത്. ഇന്ത്യൻ മുളകിന്റെ അന്താരാഷ്ട്ര വിലയെക്കാൾ വളരെ താഴ്ന്ന വിലയാണിത്. വിയറ്റ്‌നാമിൽ ഉത്പാദനം കൂടുതലാണ്. പുറമെ നിന്ന് ധാരാളം കുരുമുളക് വരുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് മുളക് കിട്ടുന്നുണ്ട്. പ്രളയം വഴിയുണ്ടായ കനത്ത കൃഷിനാശത്തിനിടയിലുള്ള മുളകിന് വില കിട്ടാത്ത സ്ഥിതിയാണ് കേരളത്തിലെ കർഷകർക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കർഷക സമൂഹം നേരിടുന്നതെന്നും കർഷകരെ രക്ഷിക്കാൻ സർക്കാരാണ് ഇടപെടേണ്ടതെന്നും ഇന്ത്യൻ പെപ്പർ ട്രേഡേഴ്‌സ് ആൻഡ് പ്ലാന്റേഴ്‌സ് കൺസോർഷ്യം പ്രസിഡന്റ് കിഷോർ ശ്യാംജി പറഞ്ഞു.