കൊച്ചി: കൊച്ചിയിൽനിന്ന് മാലെയിലേക്ക് ഫെറി സർവീസ് തുടങ്ങുന്നത് കേരളത്തിന്റെ ടൂറിസം, കയറ്റുമതി മേഖലകൾക്ക് ഗുണകരമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദർശന വേളയിലാണ് കൊച്ചിയിൽനിന്ന് മാലെയിലേക്ക് യാത്ര-ചരക്ക് ബോട്ട് സർവീസിന് ധാരണയായത്.
കേരളത്തിൽനിന്ന് മാലെയിലേക്ക് വിമാന സർവീസ് ഉണ്ടെങ്കിലും ബോട്ട് സർവീസ് ആദ്യമാണ്. ബോട്ട് സർവീസ് കൂടി വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകും. കൊച്ചി-മാലെ ബോട്ട് സർവീസ് എട്ടു വർഷമായി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിരുന്നില്ല. കൊച്ചി തീരത്തുനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കുൽഹുദുഫുഷി ദ്വീപിലൂടെയാവും മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് സർവീസ് ആരംഭിക്കുക. കൊച്ചിയിൽ നിന്ന് മാലെയിലേക്ക് 700 കിലോമീറ്ററാണ് കടൽദൂരം. എന്നാൽ, കുൽഹുദുഫുഷി വഴിയാകുമ്പോൾ 500 കിലോമീറ്റർ മാത്രമാണുള്ളത്.
ഇതുവഴി കേരളത്തിന്റെയും മാലെയുടെയും ടൂറിസം മേഖലയ്ക്ക് കുതിപ്പുണ്ടാകുമെന്നും കരുതുന്നു.
2017-ലെ കണക്ക് അനുസരിച്ച് 38,769 സഞ്ചാരികളാണ് മാലെയിൽനിന്ന് കേരളം കാണാനെത്തിയത്. ഇതിൽ അധികവും ചികിത്സാവശ്യങ്ങൾക്കു കൂടിയായി എത്തിയതാണ്. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ 10 വിപണികളിലൊന്നാണ് മാലദ്വീപ്. അതിനാൽ ഇരു സ്ഥലങ്ങളും തമ്മിലുള്ള കണക്ടിവിറ്റി കൂടുന്നത് കേരളത്തിന്റെ ടൂറിസം വളർച്ചയ്ക്ക് വഴിവയ്ക്കും.
ഇന്ത്യയും മാലെയും തമ്മിലുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരവും കൂടാൻ ഫെറി സർവീസ് വഴിവയ്ക്കും. ഇന്ത്യയും മാലെയും തമ്മിലുള്ള വ്യാപാരം 2017-18-ൽ 22.27 കോടി ഡോളറായി ഉയർന്നിരുന്നു. ഇതിൽ നല്ലൊരു പങ്ക് ഇന്ത്യയിൽ നിന്ന് മാലെയിലേക്കുള്ള കയറ്റുമതിയാണ്. ഫെറി സർവീസ് വരുന്നതോടെ ഇത് വൻതോതിൽ ഉയരും. കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്കാവും ഇത് ഏറെ പ്രയോജനം ചെയ്യുക. ചരക്കുകൂലി ഗണ്യമായി കുറയുമെന്നതാണ് കാരണം.
ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരിക്കും ഫെറി സർവീസ് ആരംഭിക്കുക. കൊച്ചി തുറമുഖത്ത് ഇതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന പറഞ്ഞു.
Content Highlights: kochi-maldives ferry service will helps to tourism and exporting sector of kerala