കൊച്ചി: പഞ്ചാബിലെ ഒരു സാധാരണ പട്ടണത്തിൽ ജനിച്ചുവളർന്ന നിതിൻ സൂഡ് ബിരുദാനന്തരത്തിനായി ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലേക്ക് പോയി. യു.പി.ക്കാരിയായ സന എച്ച്. സുഡ് ഇതേ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഫോറിൻ അഫയേഴ്‌സ് ആൻഡ് ജർമനിൽ ബിരുദാനന്തര ബിരുദവും നേടി. എന്നാൽ, പരസ്പരം പരിചയമില്ലാത്ത ഇവർ പഠന ശേഷം പല മേഖലകളിലായി ജോലി തേടിപ്പോയി.

വർഷങ്ങൾക്കു ശേഷം ജോലിയുടെ ആവശ്യത്തിനായി പരസ്പരം കണ്ടുമുട്ടുകയും അടുത്ത സുഹൃത്തുക്കളുമായി; പിന്നീട് ജീവിത പങ്കാളികളും. അവിടന്നാണ് ‘ഹാപ്പി ഷാപ്പി’യെന്ന സേഷ്യൽ മീഡിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനു തുടക്കം കുറിച്ചത്.

ഉപഭോക്താവിന് സോഷ്യൽ മീഡിയ സേവനങ്ങൾ നൽകുന്നതിനൊപ്പം ഇ-കൊമേഴ്‌സ് സംവിധാനങ്ങളും ലഭ്യമാക്കുകയാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. ഇതുവഴി ഫാഷൻ, ട്രെൻഡ്, ഗിഫ്റ്റ്‌, കല്യാണം, കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐഡിയകൾ ലഭിക്കും.

ഉപഭോക്താവ് ആഗ്രഹം പ്രകടിപ്പിക്കുന്നതോടെ ഹാപ്പി ഷാപ്പി ബജറ്റ്, ഏത് ദിവസം വേണം, കസ്റ്റമൈസ്‌ഡ് ആണോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പോകും. ഒരു ചാറ്റിങ് സംവിധാനമാണ് ഇവിടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് പുതിയ അനുഭവങ്ങൾ ലഭ്യമാക്കാനായാണ് ഇത്തരം ആശയം ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയത്.

ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ഹാപ്പി ഷാപ്പി സേവനം ലഭ്യമാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭത്തിന്റെ പിന്നിൽ 10 പേർ സഹായികളായുണ്ട്.

ഞങ്ങളുടെ വിവാഹം ഒരു ബീച്ചിൽ വച്ചായിരുന്നു. കടലിനെ സാക്ഷിയാക്കി വിവാഹിതരായി. ഒരു ഫോട്ടോഗ്രാഫർ മാത്രമാണ് കൂടെയുണ്ടായത്. ഇതുപോലെ വ്യത്യസ്തത ആഗ്രഹിക്കുന്ന പലർക്കും ആശയങ്ങളും ഉത്പന്നങ്ങളും ഒന്നിച്ച്‌ ഹാപ്പി ഷാപ്പി വഴി ലഭിക്കുമെന്ന് സാരഥികൾ പറയുന്നു.