കൊച്ചി: മത്സ്യകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള മീന്‍കുഞ്ഞുങ്ങളെ നല്‍കുന്നതിനായി മറൈന്‍ എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (എംപെഡ) തുടങ്ങിയ സ്വയംപര്യാപ്ത പദ്ധതി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്ത തിവേതിയ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഏകീകൃത അന്താരാഷ്ട്ര ഗുണമേന്മയില്‍ കയറ്റുമതിക്കായുള്ള സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കണമെന്ന് റീത്ത തിവേതിയ പറഞ്ഞു. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പ്രത്യേകം പ്രത്യേകം ഗുണമേന്മയിലാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. അതില്‍ നിന്നു മാറി ലോകത്തെ ഏതു രാജ്യത്തും ഉപയോഗിക്കാന്‍ പറ്റുന്ന ഗുണമേന്മയുള്ളതായി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി മാറണമെന്ന് അവര്‍ പറഞ്ഞു.

'എംപെഡ'യുടെ കീഴിലുള്ള വല്ലാര്‍പാടത്തെ ഹാച്ചറി പരിശീലന കേന്ദ്രത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിപ്രകാരം ജനിതക മികവ് വരുത്തിയ തിലോപിയ കുഞ്ഞുങ്ങളെയാണ് മത്സ്യകര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതിനു സഹായകരമാകുന്ന നഴ്‌സറിയും വല്ലാര്‍പാടത്തുണ്ടാകും.

വല്ലാര്‍പാടത്തെ നിലവിലുള്ള മത്സ്യ നഴ്‌സറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയതായി എംപെഡ ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിനോടടുത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ് ഹാച്ചറിയും പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്.

സമുദ്രോത്പന്ന കയറ്റുമതിക്കായി എംപെഡ വികസിപ്പിച്ച ഫിഷ് എക്‌സ്‌ചേഞ്ച് പോര്‍ട്ടലും ഉദ്ഘാടനം ചെയ്തു.