കൊച്ചി: കടല്‍ കടന്നെത്തിയ ഒമാന്‍ ചാളയ്ക്ക് കേരളത്തില്‍ പ്രിയമേറുന്നു. മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് നാടന്‍ ചാള (മത്തി) കുറഞ്ഞതോടെയാണ് വിദേശത്ത് നിന്നുമെത്തിയ ഒമാന്‍ ചാളയ്ക്ക് വിപണി ഒരുങ്ങിക്കിട്ടിയത്. 10, 20 കിലോ പാക്കറ്റുകളിലായി എത്തുന്ന ഒമാന്‍ ചാളയ്ക്ക് കിലോയ്ക്ക് 80 രൂപ മുതല്‍ 100 രൂപ വരെയാണ് വില. പിടിച്ചയുടന്‍ ഫ്രീസറുകളിലെത്തുന്ന ഇവ ഒരു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാനാകുന്ന വിധത്തിലാണ് എത്തിക്കുന്നത്.
കപ്പലില്‍ കൊച്ചി തുറമുഖത്തെത്തുന്ന ഒമാന്‍ ചാള കണ്ടെയ്‌നറുകളിലാക്കിയാണ് മത്സ്യ മാര്‍ക്കറ്റുകളിലെത്തുന്നത്. പ്രതിദിനം ടണ്‍ കണക്കിന് ഒമാന്‍ ചാളയാണ് ഓരോ മത്സ്യ മാര്‍ക്കറ്റുകളിലും വിറ്റഴിയുന്നത്. രൂപത്തില്‍ നാടന്‍ ചാളയെന്നു തോന്നുമെങ്കിലും ഒമാന്‍ ചാളയ്ക്ക് വലിപ്പക്കൂടുതലുണ്ട്. നാടന്‍ ചാള കിട്ടാതായതോടെ ഹോട്ടലുകാര്‍ ഉള്‍പ്പെടെ മറുനാടന്‍ ചാളയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ രുചിയില്‍ നാടന്‍ ചാളയ്ക്ക് പിന്നിലാണ്. കൂടുതല്‍ നെയ്യ് അടങ്ങിയിട്ടുള്ളതാണ് ഒമാന്‍ ചാള. കേരളത്തില്‍ നാടന്‍ ചാളകളുടെ ലഭ്യതയില്‍ കുറവ് വന്നതോടെയാണ് ഒമാന്‍ ചാള എത്തിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. കടല്‍ മലിനീകരിക്കപ്പെടുന്നതാണ് നാടന്‍ ചാളയുടെ കുറവിനുള്ള പ്രധാന കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.