കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിന് ഗുണമേന്മയേറിയ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേരള സ്റ്റാർട്ട്അപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത്‌ കെയർ സ്റ്റാർട്ട്അപ്പ് ഷോപ്ഡോക്. ഇന്ത്യയിലെ കുടുംബാംഗങ്ങൾക്കാവശ്യമായ ആശുപത്രി സേവനങ്ങൾ ‘മൊബീഡ്കെയർ’, ഇന്ത്യയിൽ നിന്നുള്ള തൊഴിൽ വിഭാഗത്തിന് വ്യക്തിഗത മാനസികാരോഗ്യ പിന്തുണയേകുന്ന ‘യു ഓകെ’ വെർച്വൽ ക്ലിനിക്, ഇന്ത്യയിൽനിന്നുള്ള ബിസിനസ് സമൂഹത്തിന് അനുയോജ്യമായ ഡയറ്റും ഫിറ്റ്നസ് പരിപാടികളും വിഭാവനം ചെയ്യുന്ന ‘എഫ്ഫൗണ്ടേഴ്സ്’ എന്നിങ്ങനെ മൂന്നു പ്രത്യേക സേവനങ്ങൾ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു.

രോഗികളുടെ ആവശ്യകത മനസ്സിലാക്കി ഡോക്ടർമാരെ ലഭ്യമാക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആപ്ലിക്കേഷനാണ് ഷോപ്ഡോക്. മധ്യപൂർവേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖല എന്നിവിടങ്ങളിലെ സ്റ്റാർട്ട്അപ്പുകളുടെ ബൃഹദ് സമ്മേളനമായ ‘ജിടെക്സ് ഫ്യൂച്വർ സ്റ്റാർസ് 2021’-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്റ്റാർട്ട്അപ്പുകളിലൊന്നാണിത്. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഒക്ടോബർ 17 മുതൽ 20 വരെയാണ് സമ്മേളനം.