കേരളം വലിയ ഒരു ഊരാക്കുടുക്കിലാണ് ഇന്ന് അകപ്പെട്ടിരിക്കുന്നത്. വരവും ചെലവും കൂട്ടിമുട്ടിക്കാനാവാതെ സംസ്ഥാനം ചക്രശ്വാസം വലിക്കുകയാണ്. മദ്യവും ഭാഗ്യക്കുറിയുമൊഴിച്ച് വരവ് വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഒന്നുമില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. എടുത്താൽ പൊങ്ങാത്ത ചെലവുകൾ വരുത്തിെവച്ചുകഴിഞ്ഞു. വരവ് വർധിക്കുംവിധം പൊതുചെലവുകൾ പുനഃക്രമീകരിച്ചുകൊണ്ട് ഈ ഊരാക്കുടുക്കിൽനിന്ന്‌ പുറത്തുവരാനുള്ള മാർഗങ്ങൾ ചർച്ചചെയ്യുകയാണ് ഈ ലേഖനം.

കേരളത്തെ തുറിച്ചുനോക്കുന്ന ഭീഷണികൾ

ജനസംഖ്യയിൽ വൃദ്ധജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2025 ആകുമ്പോഴേക്കും അത് ഇന്നത്തെ 16 ശതമാനത്തിൽ നിന്ന്‌ 20 ശതമാനമായി വർധിക്കും. ഇതിനർഥം സാമ്പത്തിക വളർച്ചയ്ക്കുള്ള സാധ്യതകൾ മങ്ങിവരുന്നു എന്നുതന്നെയാണ്. നാളിതുവരെയുള്ള കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഗൾഫ് അടക്കമുള്ള അന്യനാടുകളിൽ പോയി ജോലിചെയ്തുവന്ന യുവജനങ്ങളുടെ സംഭാവനയുണ്ടായിരുന്നു. ഇനിയുള്ള വർഷങ്ങളിൽ അത് കുറയുമെന്നു മാത്രമല്ല, അന്യസംസ്ഥാനങ്ങളിലെ യുവജനങ്ങൾ കേരളത്തിൽനിന്ന് സമ്പത്ത് വൻതോതിൽ പുറത്തേക്ക്‌ കൊണ്ടുപോവുകയും ചെയ്യും. സാമ്പത്തിക വളർച്ച മുരടിച്ചാൽ നികുതി-നികുതിയേതര വരുമാനം കുറഞ്ഞ് സംസ്ഥാനം അതിവേഗം ഒരു കടക്കെണിയിൽ അകപ്പെട്ടേക്കാം.

വരുമാനം എങ്ങനെ വർധിപ്പിക്കാം...?

നികുതി-നികുതിയേതര മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കുകയല്ലാതെ സംസ്ഥാനത്തിനു മുൻപിൽ പോംവഴികളൊന്നുമില്ല. ഭരണഘടനപ്രകാരം ഉപഭോഗത്തിന്മേലുള്ള നികുതിയാണ് സംസ്ഥാനങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സ്. ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം വർധിക്കുന്തോറും സംസ്ഥാനങ്ങളുടെ വരുമാനവും വർധിക്കും.

ചരക്ക്‌-സേവന നികുതി നിലവിൽ വന്നതോടെ നികുതിനിരക്കുകളിൽ മാറ്റം പറ്റില്ല എന്നതൊഴിച്ചാൽ സംസ്ഥാനങ്ങൾക്ക് ഒരുപാട് അധികാരമൊന്നും നഷ്ടപ്പെട്ടിട്ടില്ല. നിലവിലുള്ള നിരക്കിൽ ഊർജിതമായി നികുതിപിരിവ് നടത്താം. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള മറ്റ് നികുതിസ്രോതസ്സുകൾ പ്രയോജനപ്പെടുത്തുകയുമാവാം.

കേരളത്തിന്റെ പശ്ചാത്തലത്തിൽ വലിയ സാധ്യതയുള്ള ഒരു സ്രോതസ്സാണ് വസ്തുനികുതി. ഗൾഫ് പണത്തിന്റെ നല്ലൊരു ഭാഗം വീടുകളിലും വാണിജ്യ സമുച്ചയങ്ങളിലുമാണ് മുതൽമുടക്കിയിരിക്കുന്നത്. നിലവിൽ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കുമാണ് വസ്തുനികുതി പിരിവിന്റെ അവകാശം. വസ്തുനികുതി നിരക്ക് കാലാകാലങ്ങളിൽ വർധിപ്പിക്കുന്നതിലും കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിലും ഇവയ്ക്ക് സഹജമായ പരിമിതകളുണ്ട്. നഷ്ടം പരിഹരിച്ചുകൊടുക്കാം എന്ന വ്യവസ്ഥയിൽ വസ്തുനികുതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നേരിട്ട് പിരിച്ചെടുത്താൽ ഇന്നുള്ളതിന്റെ മൂന്ന് ഇരട്ടിയെങ്കിലും വരുമാനമുണ്ടാകും.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഫീസ് നിരക്കുകൾ 1970-71-ൽ നിലനിന്ന നിരക്കിൽ വർധിപ്പിച്ചാൽ മാത്രം 2,500 കോടി രൂപ അധിക വരുമാനമുണ്ടാക്കാം.

കേരള ധനകാര്യത്തിന്റെ പ്രധാന ബലഹീനത അത് സാമ്പത്തിക വളർച്ചയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതല്ല എന്നതാണ്. മൊത്തം തനതുവരുമാനത്തിൽ 35 ശതമാനം മദ്യം, ഭാഗ്യക്കുറി എന്നിവയിൽനിന്നുമാണ്. ഇതിന്റെ സിംഹഭാഗവും പാവപ്പെട്ടവരിൽനിന്നും പുറംപോക്കിൽ കിടക്കുന്നവരിൽ നിന്നുമാണ് സമാഹരിക്കപ്പെടുന്നത്. വിവിധങ്ങളായ ഉപഭോഗ വസ്തുക്കളിൽ ചെലവാക്കപ്പെടുമായിരുന്ന പണമാണ് ഇങ്ങനെ ഖജനാവിലെത്തുന്നത്. ഇത് എത്തിച്ചേരുന്നതാകട്ടെ, വിപണിയിൽ താരതമ്യേന കുറച്ചുമാത്രം ചെലവഴിക്കുന്ന സർക്കാർ ജീവനക്കാരുടെയും ഉപഭോഗത്തിൽനിന്ന് ഏറെക്കുറെ പിൻവാങ്ങിക്കഴിഞ്ഞ പെൻഷൻകാരുടെയും കൈകളിലാണ്.

പാവപ്പെട്ടവരുടെയും പുറംപോക്കിൽ കിടക്കുന്നവരുടെയും വരുമാനവും ഉപഭോഗവും വർധിച്ചാലേ സംസ്ഥാനത്തിന്റെ നികുതിവരുമാനം വർധിക്കുകയുള്ളു. ഇത് സാധിക്കത്തക്ക വിധം ധനകാര്യം എങ്ങനെ പുനഃക്രമീകരിക്കാം എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.

മാർഗമുണ്ട്; മാറിച്ചിന്തിക്കാമെങ്കിൽ...

ഒന്നോർത്താൽ കേരളം ഇന്ന് നേരിടുന്ന ധനകാര്യ ഞെരുക്കത്തിന്റെ മൂലകാരണം പതിറ്റാണ്ടുകൾക്കു മുമ്പ് സമൂഹം എടുത്ത ചില തീരുമാനങ്ങളാണ്. അവശ്യം വേണ്ട തസ്തികകളും എല്ലാ വൃദ്ധജനങ്ങളെയും ഉൾക്കൊള്ളുന്ന പെൻഷൻ സമ്പ്രദായവും സ്വീകരിക്കാമായിരുന്നു. അതിനുപകരം, പരമാവധിപേർക്ക് സർക്കാർജോലി കൊടുക്കുക എന്ന നയം സ്വീകരിച്ചു. ശമ്പളം താരതമ്യേന കുറവായിരുന്ന അക്കാലത്ത് 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്നവർക്ക് നൽകിയിരുന്ന പെൻഷൻ മാന്യമായി ജീവിച്ചുമരിക്കാനേ തികയുമായിരുന്നുള്ളു.

പക്ഷേ, തുടർന്നുള്ള വർഷങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടുബാങ്കായി അണിനിരന്ന് സമ്മർദതന്ത്രങ്ങളിലൂടെ ഓരോ അഞ്ചുവർഷം കൂടുമ്പോഴും ശമ്പളപരിഷ്കരണം എന്നത് ഒരു അവകാശമായി മാറ്റിയെടുത്തു.

കേരള ജനസംഖ്യയുടെ ഏറിയാൽ അഞ്ച്‌ ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 2017-18-ലെ കണക്കനുസരിച്ച് മൊത്തം വരുമാനത്തിന്റെ 62.3 ശതമാനമാണ് മാറ്റിെവക്കേണ്ടി വരുന്നത്. പ്രതിമാസം 80,000 രൂപ വരെയൊക്കെയാണ് പെൻഷൻ. മാന്യമായി ജീവിച്ചുമരിക്കാൻ ഇത്രയൊക്കെ വേണോ...?

കേരളത്തിലെ സർവീസ് പെൻഷന്റെ 25 ശതമാനത്തിൽ കൂടുതൽ വിപണിയിൽ തിരികെയെത്തുന്നുണ്ടാവില്ല. ബാക്കിയെല്ലാം ബാങ്കുകളിലും ഓഹരിവിപണിയിലും ദുർമേദസ്സുപോലെ അടിഞ്ഞുകൂടുകയാണ്.

അതേസമയം, മുപ്പതുവർഷം ശമ്പളം കൊടുത്ത സാധാരണക്കാരന് പ്രതിമാസം കിട്ടുന്ന പെൻഷൻ 1,200 രൂപ! സർക്കാർ ശമ്പളവും പെൻഷനും ക്ഷാമബത്തയും ‘ഏറ്റുപോയത്’ ആയതുകൊണ്ട് അതുകൊടുത്തതിനുശേഷം ബാക്കിയുണ്ടെങ്കിലേ ഇതുപോലും കിട്ടുകയുള്ളു. സർവീസ് പെൻഷൻ എന്നത് മാറ്റിെവച്ച ശമ്പളമാണ് പോലും... അങ്ങനെ മാറ്റിെവച്ചിരുന്നെങ്കിൽ എങ്ങനെയാണ് കേരളത്തിന്റെ കടബാധ്യത 2.64 ലക്ഷം കോടി രൂപയായത്...? 1983-84 മുതൽ കടമെടുത്താണല്ലോ ശമ്പളവും പെൻഷനും കൊടുത്തുവരുന്നത്.

ഇത്ര അധാർമികവും അശാസ്ത്രീയവുമായ പെൻഷൻ സമ്പ്രദായം ലോകത്തെ ഒരു പരിഷ്‌കൃത സമൂഹത്തിലുമില്ല. മിക്ക വികസിത രാജ്യങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെന്നോ അല്ലാത്തവർ എന്നോ വ്യത്യാസമില്ലാതെ 65 വയസ്സ്‌ കഴിഞ്ഞ എല്ലാ വൃദ്ധജനങ്ങളുടെയും അവകാശമാണ് സാമൂഹിക പെൻഷൻ. പ്രവർത്തനനിരതരായിരിക്കുന്ന വർഷങ്ങളിൽ പെൻഷൻ നിധികളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് ഒാരോരുത്തരുടെയും പെൻഷൻ. ഉയർന്ന നികുതിയിലൂടെ വിഭവസമാഹരണം നടത്തി, എല്ലാ പൗരന്മാർക്കും കുറഞ്ഞ പെൻഷൻ ഉറപ്പുവരുത്തുന്ന സംവിധാനവും ചില രാജ്യങ്ങളിൽ ഉണ്ട്.

പെൻഷൻ എന്ന സാമൂഹിക കരുതൽ

പെൻഷനെ ‘മാറ്റിെവച്ച ശമ്പളം’ എന്നതിനു പകരം എല്ലാ വൃദ്ധജനങ്ങൾക്കും മാന്യമായി ജീവിച്ചു മരിക്കാനുള്ള ‘സാമൂഹിക കരുതൽ’ ആയി കാണുന്ന സമീപനം കേരളസമൂഹം സ്വീകരിച്ചാൽ ഇന്ന് നേരിടുന്ന ധനകാര്യ ഞെരുക്കം നിഷ്‌പ്രയാസം പരിഹരിക്കാം.

സാധാരണക്കാരുടെ പെൻഷൻ 1,200 രൂപയിൽനിന്ന്‌ 5,000 രൂപയായി വർധിപ്പിക്കുന്നു എന്നിരിക്കട്ടെ, അത് മുഴുവൻ വിപണിയിൽ എത്തും... കേരള സമ്പദ്‌വ്യവസ്ഥയാകെ മാന്ദ്യത്തിൽനിന്ന്‌ കരകയറും. അതോടെ, നികുതിവരുമാനം ഇരട്ടിയായി വർധിക്കും. പിന്നോട്ട് കറങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ മുന്നോട്ട്‌ കറങ്ങിത്തുടങ്ങാൻ ഇതിൽപ്പരം പറ്റിയ മാർഗമില്ല.

Content Highlights: Kerala's  financial crisis and pensions