ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള സംസ്ഥാന ബജറ്റിലെ നികുതി സംബന്ധിച്ച പ്രഖ്യാപനങ്ങളെല്ലാം തന്നെ ആശ്വാസദായകമാണ്. പുതിയ നികുതി നിർദേശങ്ങൾ ഒന്നുമില്ലെന്നത് ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്ക് ആഹ്ലാദം പകരും. കേരള പ്രളയ സെസ് 2021 ജൂലായ് മാസത്തിനു ശേഷം ഈടാക്കുകയില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ എൽ.എൻ.ജി., സി.എൻ.ജി. എന്നിവയുടെ മേലുള്ള വാറ്റ് നിലവിൽ 14.5 ശതമാനമാണ്. ഇത് അഞ്ച് ശതമാനമാക്കി കുറച്ചത് വളരെ നല്ലൊരു നീക്കമാണ്. സിറ്റി ഗ്യാസ് പദ്ധതിക്കും ഗാർഹിക ഉപഭോക്താക്കൾക്കും ഈ നികുതിയിളവ് സഹായകരമാകും.

പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് 50 ശതമാനം വാഹന നികുതി ഒഴിവാക്കിയിട്ടുണ്ട്. പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതും പൂർണമായും പാലിയേറ്റീവ് ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങളെ വാഹന നികുതി അടയ്ക്കുന്നതിൽനിന്ന്‌ ഒഴിവാക്കുമെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വായ്പാ തട്ടിപ്പുകൾ നടക്കുന്നതായും അമിത പലിശ ഈടാക്കുന്നതായും പരാതികൾ ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പുമായി ആലോചിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൽ (കേരള മണി ലെൻഡേഴ്‌സ് ആക്ട്) യുക്തമായ ഭേദഗതികൾ വരുത്താൻ തീരുമാനിച്ചതും ബജറ്റിലെ അഭിനന്ദനമർഹിക്കുന്ന പ്രഖ്യാപനമാണ്.

ജി.എസ്.ടി.യിൽ ‘ഇൻഫോമർ സ്കീം’ എന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഇതിലൂടെ നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. മൊബൈൽ ആപ്ലിക്കേഷൻ ആണ് മറ്റൊരു പുതുമ. ഇതിലൂടെ ജി.എസ്.ടി. രജിസ്‌ട്രേഷന്റെ ആധികാരികത പരിശോധിക്കാനും രജിസ്‌ട്രേഷൻ എടുക്കാത്തവരുടെ വിവരങ്ങൾ ശേഖരിക്കാനും ഉദ്യോഗസ്ഥർക്ക് കഴിയും.

ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നതു കൂടാതെ കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പുതിയ ജി.എസ്.ടി. കോംപ്ലക്സുകളുടെ നിർമാണം പുതിയ സാമ്പത്തിക വർഷം തുടങ്ങുകയും ചെയ്യും. ഇതിലൂടെ ജി.എസ്.ടി. വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടും.

നികുതിദായകർക്ക് റിപ്പോർട്ട് കാർഡ് നൽകുമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. നികുതിദായകർക്ക് കാര്യക്ഷമമായ സേവനങ്ങൾ ലഭിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ബാങ്ക് നൽകുന്ന ക്രെഡിറ്റ് റേറ്റിങ്ങിന് മാനദണ്ഡമായി ഇവ ഉപയോഗിക്കാനും കഴിയും.

നികുതിദായകരെ ബോധവത്കരിക്കുന്നതിനായി ജി.എസ്.ടി. വകുപ്പിലെ പബ്ലിക് റിലേഷൻസ് വിഭാഗം ശക്തിപ്പെടുത്തും. റിവ്യൂ സംവിധാനം കൂടി ഏർപ്പെടുത്താൽ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ തെറ്റായ നികുതി നിർണയങ്ങൾ പരിശോധിക്കാനും നികുതി നിർണയത്തിൽ കൃത്യത കൊണ്ടുവരാനും സാധിക്കും.

പ്രതിസന്ധി മറികടക്കാൻ സഹായം ആവശ്യം

ജി.എസ്.ടി. സംബന്ധിച്ച് വളരെയധികം പ്രതിസന്ധികളാണ് വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്നത്, അതിനു പുറമെയാണ് പുതിയ നിയമത്തിലൂടെ വീണ്ടും കുരുക്ക് മുറുകുന്നത്. ഒരു വർഷം ആറ് കോടിയിലധികം വാർഷിക വിറ്റുവരവുള്ള (അതായത്‌ ഒരു മാസം 50 ലക്ഷം രൂപ) നികുതിദായകർ ഇൻപുട്ട്് ടാക്സ് ക്രെഡിറ്റ് ഉണ്ടെങ്കിലും ഒരു ശതമാനം നികുതി പണം ആയിട്ടു തന്നെ അടയ്ക്കണം. വ്യാജ ബില്ലിനെതിരേയുള്ള മുന്നൊരുക്കമായാണ് നിയമത്തിൽ ഈ ഭേദഗതി വരുത്തിയത്.

നേരത്തെ പറഞ്ഞതുപോലുള്ള സ്വാഗതാർഹമായ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനായി സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) വ്യാപാരികൾക്കും വ്യവസായികൾക്കുമായി കൂടുതൽ നികുതി ആനുകൂല്യങ്ങളും പാക്കേജുകളും ഉൾപ്പെടുത്തിയിരുന്നെങ്കിൽ ആശ്വാസപ്രദമായിരുന്നേനെ.

നികുതിദായകർക്ക് റിപ്പോർട്ട് കാർഡ് വരെ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, കൃത്യമായി ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്തുപോകുന്നവർക്ക് കൂടുതൽ പ്രചോദനം നൽകാനായി ‘ഇൻസെന്റീവ് സ്കീം’ കൊണ്ടുവന്നാൽ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാവാൻ കേരളത്തിന് സാധിക്കും. അധികം താമസിയാതെ കൂടുതൽ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)