കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ ആഘാതം വ്യക്തമാക്കി സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ നിഷ്‌ക്രിയ ആസ്തി (എൻ.പി.എ.) ഉയരുന്നു. മൂന്നുമാസംകൊണ്ട് കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകളിലെ കിട്ടാക്കടം 10.26 ശതമാനം ഉയർന്നു.

കേരള ഗ്രാമീൺ ബാങ്കിലേതടക്കം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകളിലെ മൊത്തം എൻ.പി.എ. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ 9693.27 കോടിയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി-മാർച്ച് പാദത്തിൽ ഇത് 8791.05 കോടിയായിരുന്നു. 902.22 കോടി രൂപയുടെ വർധന.

സ്വകാര്യമേഖലാ ബാങ്ക് ശാഖകളിലെ (ചെറുകിട പണമിടപാട് സ്ഥാപനങ്ങൾ ഇതിൽ പെടില്ല) മൊത്തം നിഷ്‌ക്രിയ ആസ്തി മാർച്ച് പാദത്തിലെ 6847.68 കോടിയിൽനിന്ന് 21.61 ശതമാനം ഉയർന്ന് ജൂൺ പാദത്തിൽ 8328.01 കോടിയായി. ചെറുകിട ധനകാര്യ ബാങ്കുകളുടെ കിട്ടാക്കടമാകട്ടെ 219.9 കോടിയിൽനിന്ന് 510.07 കോടിയായി. സഹകരണ ബാങ്കുകളിലേത് 11,515.28 കോടിയിൽനിന്ന് 16,531.88 കോടിയായും ഉയർന്നു. ഏറ്റവും കൂടുതൽ എൻ.പി.എ. ഉള്ളത് സംസ്ഥാനത്തെ സഹകരണ ബാങ്ക് ശാഖകളിലാണ്.

തിരിച്ചുപിടിച്ചതിൽ മുന്നിൽ പൊതുമേഖല

നടപ്പു സാമ്പത്തികവർഷം ഏപ്രിൽ-ജൂൺ കാലയളവിൽ 2395.83 കോടി രൂപയുടെ കിട്ടാക്കടം പൊതുമേഖലാ ബാങ്ക് ശാഖകൾ വീണ്ടെടുത്തു. സ്വകാര്യ മേഖലയിൽ 1598.23 കോടിയുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 172.1 കോടിയുടെയും കിട്ടാക്കടം വീണ്ടെടുത്തു. 974.99 കോടിയുടെ കിട്ടാക്കടമാണ് സഹകരണ ബാങ്കുകൾ ഏപ്രിൽ-ജൂൺ പാദത്തിൽ തിരിച്ചുപിടിച്ചത്.

ഓരോ വിഭാഗത്തിലെയും നിഷ്‌ക്രിയ ആസ്തി

മേഖല കാർഷികം എം.എസ്.എം.ഇ. കയറ്റുമതി ഭവനവായ്പ വിദ്യാഭ്യാസം

പൊതു മേഖല 1587.35 4124.31 36.24 756.38 873.67

സ്വകാര്യ മേഖല 1603.48 2203.74 8.44 259.27 206.61

സ്മോൾ ഫിനാൻസ് 155.77 80.35 0 1.51 14.72

സഹകരണ മേഖല 729.31 591.17 0 1,915.73 7.9

(അവലംബം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി)

നിഷ്‌ക്രിയ ആസ്തി കൂടിയാൽ

നിഷ്‌ക്രിയ ആസ്തി കൂടുന്നത് ജനങ്ങളുടെ കൈവശം പണം കുറയുന്നുവെന്നതിന്റെ തെളിവായാണ് വിദഗ്ധർ കാണുന്നത്. എൻ.പി.എ. കൂടുന്നത് ബാങ്കുകൾ വായ്പ നൽകുന്ന അനുപാതത്തിലും കുറവുണ്ടാക്കും.