കൊച്ചി: സംസ്ഥാനത്തുനിന്നുള്ള ചക്ക, പാഷൻഫ്രൂട്ട് എന്നിവയുടെ 15 മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപെഡ) തുടക്കം കുറിച്ചു. ആദ്യ കണ്ടെയ്‌നർ ചൊവ്വാഴ്ച പുറപ്പെട്ടു.

ചക്ക ഉത്പന്നങ്ങൾ സിങ്കപ്പൂർ, നേപ്പാൾ, ഖത്തർ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും പാഷൻ ഫ്രൂട്ട്, ജാതിക്ക, ചക്ക ഉത്പന്നങ്ങൾ ഓസ്‌ട്രേലിയയിലേക്കുമാണ് അയയ്ക്കുന്നത്. വൈകാതെ കൂടുതൽ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഘട്ടം ഘട്ടമായി അപെഡ ആരംഭിക്കും.

പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങളുടെ ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതി അതിന്റെ വിപണന സാധ്യത വർധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് അപെഡ അറിയിച്ചു.

ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു ടണ്ണിന്റെ മൂല്യവർധിത ഉത്പന്നങ്ങളാണ് ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് അയയ്ക്കുന്നതിനായി തൃശ്ശൂരിൽ സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, ചക്ക പൗഡർ, ഉണങ്ങിയ ചക്ക, ചക്ക പുട്ടു പൊടി, ചക്ക ചപ്പാത്തി പൗഡർ, ചക്ക ദോശ/ഇഡ്ഡലി പൊടി, ചക്ക ഉപ്പുമാവ് പൗഡർ, ചക്ക അച്ചാർ, ചക്ക ചിപ്‌സ്, ചക്കവരട്ടി, ചക്ക ഫ്രൂട്ട് പൾപ്, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക മിഠായി, ജാതിക്ക അച്ചാർ എന്നിവയാണ് കയറ്റുമതി ചെയ്ത ഉത്പന്നങ്ങൾ.

രാജ്യത്തുനിന്നുള്ള കാർഷികോത്പന്ന കയറ്റുമതി 40,000 കോടി ഡോളറിലേക്ക്

: നടപ്പു സാമ്പത്തിക വർഷം (2021-22) 40,000 കോടി ഡോളർ മൂല്യമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള നിർണായക പങ്ക് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിയെന്ന് അപെഡ വ്യക്തമാക്കുന്നു.

ചക്ക, പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ തലത്തിൽ വിശാലമായ വിപണി സാധ്യതകളുണ്ട്. ഈ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും അപെഡ അറിയിച്ചു.