കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയർവെയ്‌സ്. സമയനിഷ്ഠയുടെ കാര്യത്തിലും നിലവാരത്തിന്റെ കാര്യത്തിലുമൊക്കെ മുന്നിട്ടുനിന്നു. ഏതാണ്ട് 18 ശതമാനം വിപണി വിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പുവരെ ജെറ്റ് എയർവെയ്‌സ്. ഒടുവിൽ, പ്രതിസന്ധിയിൽ പെട്ട് പ്രവർത്തനം നിലച്ചപ്പോൾ കമ്പനിക്ക്‌ പിഴച്ചത് എവിടെയാണെന്ന ചോദ്യങ്ങൾ ഉയരുകയാണ്. കടക്കെണിയും കമ്പനി ഉടമകൾ തന്നെ നടത്തിയ കമ്മിഷൻ ഇടപാടുകളുമാണ് കമ്പനിയെ തകർത്തത് എന്നു വ്യക്തമാണ്.

കമ്പനിയുടെ 2018 ഏപ്രിൽ-ജൂൺ പാദത്തിലെ പ്രവർത്തന ഫലത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഓഡിറ്റിങ് സ്ഥാപനമായ ബി.എസ്.ആർ. ആൻഡ് കമ്പനി (‘കെ.പി.എം.ജി.’യുടെ അഫിലിയേറ്റ് സ്ഥാപനം) രംഗത്തെത്തിയതോടെ തന്നെ പ്രതിസന്ധി മണക്കാൻ തുടങ്ങിയിരുന്നു. കണക്കിലെ ക്രമക്കേടുകളാണ് പ്രവർത്തന ഫലം അംഗീകരിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിച്ചത്. ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ സ്വകാര്യ കമ്പനിയായ ‘ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡി’ന് കോടികൾ കമ്മിഷനായി ജെറ്റ് എയർവെയ്‌സിൽനിന്ന് നൽകിയതാണ് ഓഡിറ്റിങ് സ്ഥാപനത്തെ ചൊടിപ്പിച്ചത്. സ്വന്തം സ്ഥാപനത്തിന് തന്നെ ഭീമമായ തുക കമ്മിഷൻ നൽകുന്നത് അന്യായമാണെന്നായിരുന്നു അവരുടെ നിലപാട്. ഇത്തരത്തിൽ മുമ്പും ഉടമകൾ തന്നെ ഭീമമായ കമ്മിഷൻ പറ്റിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ലാഭത്തെക്കുറിച്ച് ധാരണയില്ലാതെ വാങ്ങിക്കൂട്ടിയ ഭീമമായ വായ്പയാണ് വില്ലനായ മറ്റൊരു ഘടകം. വായ്പാ തിരിച്ചടവ് ഇനത്തിൽ എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് നൽകാനുള്ളത് 8,500 കോടി രൂപയാണ്. വിമാനങ്ങൾ പാട്ടത്തിനു നൽകിയ കമ്പനികൾ, എണ്ണക്കമ്പനികൾ എന്നിവയ്ക്കൊക്കെ കോടികൾ നൽകാനുണ്ട്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും കോടികൾ കൊടുത്തുതീർക്കാനുണ്ട്.

മൂലധനം ഏറെ വേണ്ടൊരു വ്യവസായമാണ് വ്യോമയാനം. അതിനാൽത്തന്നെ വായ്പയെടുത്ത് ബിസിനസ് മുന്നോട്ടു കൊണ്ടുപോകുമ്പോൾ അത് ലാഭക്ഷമതയെ ബാധിക്കും. പലിശയും പലിശയുടെ മേൽ പലിശയുമൊക്കെ കുമിഞ്ഞുകൂടുമ്പോൾ അത് ലാഭത്തെ മുഴുവൻ വിഴുങ്ങും. അതുതന്നെയാണ് ജെറ്റ് എയർവെയ്‌സിന്റെ കാര്യത്തിലും സംഭവിച്ചത്. കമ്പനിയുടെ പ്രവർത്തനം നിലച്ചത് 22,000 ജീവനക്കാരുടെ കുടുംബത്തെ ബാധിക്കും. നാലു മാസമായി ശമ്പളം മുടങ്ങിയിരിക്കുന്ന ഇവർക്ക് കമ്പനി പൂട്ടുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കും.

content highlights: jet airways financial crisis