ന്യൂയോർക്ക്: ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ ആഗോള ഓൺലൈൻ വ്യാപാര സ്ഥാപനമായ ‘ആമസോണി’ന്റെ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിർത്തി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഓഹരി നിക്ഷേപകൻ വാറൻ ബഫെറ്റ് എന്നിവരെ പിന്നിലാക്കിയാണ് 55-കാരനായ ജെഫ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 13,100 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട്, 9.23 ലക്ഷം കോടി രൂപ.

9,650 കോടി ഡോളറുമായി ബിൽ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തും 8,250 കോടി ഡോളറുമായി വാറൻ ബഫെറ്റ് മൂന്നാം സ്ഥാനത്തുമാണ്. ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബെർഗ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 6,230 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് മുന്നിൽ. ഒരു വർഷം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 25 ശതമാനം ഉയർന്നു. 2018-ലെ പട്ടികയിൽ 4,010 കോടി ഡോളറുമായി 19-ാം സ്ഥാനത്തായിരുന്ന അദ്ദേഹം 2019-ൽ 5,000 കോടി ഡോളറുമായി 13-ാം സ്ഥാനത്തേക്ക് ഉയർന്നു. അതായത്, ഏതാണ്ട് 3.52 ലക്ഷം കോടി രൂപ.

ഇന്ത്യയിൽനിന്ന് ഇത്തവണ 106 ശത കോടീശ്വരന്മാരാണ് പട്ടികയിൽ ഇടംപിടിച്ചത്. വിപ്രോ ചെയർമാൻ അസിം പ്രേംജി (2,260 കോടി ഡോളർ), എച്ച്.സി.എൽ. സ്ഥാപകൻ ശിവ് നാടാർ, ആഴ്‌സലർ മിത്തൽ ചെയർമാൻ ലക്ഷ്മി മിത്തൽ എന്നിവർ ആഗോള പട്ടികയിൽ ആദ്യ 100 പേരിൽ ഇടം പിടിച്ചു.

കഴിഞ്ഞ തവണ ആഗോള സമ്പന്ന പട്ടികയിലുണ്ടായിരുന്ന 247 പേർക്ക് ഇത്തവണ ഇടംപിടിക്കാൻ കഴിഞ്ഞില്ല. ഇത്തവണ മൊത്തം 2,153 ശത കോടീശ്വരന്മാരാണ് പട്ടികയിലുള്ളത്. ഇവരുടെ മൊത്തം സമ്പത്തിൽ 40,000 കോടി ഡോളറിന്റെ ഇടിവുണ്ടായി.