കേരളത്തിന്റെ പരിസ്ഥിതിക്കും സാഹചര്യങ്ങൾക്കും ഇണങ്ങുന്ന വ്യവസായങ്ങളെ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്തതും നിയമങ്ങൾ പാലിക്കുന്നതും തൊഴിലാളി സൗഹൃദവുമായ വ്യവസായങ്ങളാണ് കേരളത്തിനു വേണ്ടത്. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ നിലവിലുള്ള നിയമങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ‘മാതൃഭൂമി’ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ (ബിസിനസ് സംരംഭങ്ങൾ നടത്തുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങിൽ ഏറെ പിന്നിലാണല്ലോ കേരളം?

ഈസ് ഓഫ് ഡൂയിസ് ബിസിനസ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുകയാണ് ലക്ഷ്യം. റാങ്ക് മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുെവച്ച നിർദേശങ്ങളിൽ 85 ശതമാനവും നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ശേഷിച്ച 15 ശതമാനം കേരളത്തിന് ബാധകമായ വ്യവസ്ഥകൾ അല്ല. വ്യവസ്ഥകൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ ആദ്യ എട്ട്‌ സംസ്ഥാനങ്ങളിലൊന്നാണ് ശരിക്കും നമ്മൾ. കേരളത്തിലുള്ള മൊത്തം സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) സംരംഭങ്ങളിൽ 47 ശതമാനവും കഴിഞ്ഞ അഞ്ച് വർഷങ്ങൾകൊണ്ട് വന്നതാണ്. കേരളം കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നതിന് തെളിവാണ് ഇത്.

നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക?

പുതിയ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യവസായ സംരംഭകരുമായി പല തവണ ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ സമാഹരിച്ചിട്ടുണ്ട്. വ്യവസായികളിൽനിന്ന് പരാതികൾ കേട്ട് പരിഹാരമുണ്ടാക്കാനുള്ള അദാലത്തും ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയും എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. കൊച്ചിയിലും കോട്ടയത്തും നടന്ന പരിപാടികളിൽ വ്യവസായികളിൽനിന്ന് മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. ഓരോ ജില്ലയിലെയും പരാതി പരിഹാര സംവിധാനത്തിന് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും.

സംരംഭകർക്കുള്ള പ്രശ്നങ്ങൾ പലപ്പോഴും താഴെത്തട്ടിലാണ്. ഇതിന് പരിഹാരമെന്താണ്?

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപ്പറേഷൻ സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നുണ്ട്. വ്യവസായ സൗഹൃദ സമീപനത്തിലൂടെ ഏറ്റവും കൂടുതൽ തൊഴിലവസരവും വരുമാനവുമുണ്ടാക്കുന്ന പഞ്ചായത്തുകൾക്ക് പുരസ്കാരം നൽകുന്നത് പരിഗണനയിലുണ്ട്. വ്യവസായവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥതലത്തിൽ അവബോധമുണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കും. അതുപോലെ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഐ.ഐ.എമ്മിന്റെ പരിശീലനമൊരുക്കും. സംരംഭകർക്ക് മെച്ചപ്പെട്ട സഹായമൊരുക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഓരോ പുതിയ സംരംഭമെങ്കിലും വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ 1,000 വ്യവസായ യൂണിറ്റുകൾ തുടങ്ങാനാകും.

പുതിയ വ്യവസായ നയമുണ്ടാകുമോ? നിയമങ്ങളിൽ മാറ്റം വരുമോ?

പുതിയ വ്യവസായ നയമല്ല, നിലവിലുള്ള നയത്തിൽ കാലോചിതമായ പുതുക്കലുകളാവും ഉണ്ടാവുക. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഉൾപ്പെടെയുള്ള നിയമങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകൾ റദ്ദാക്കുകയോ ഭേദഗതി കൊണ്ടുവരികയോ ചെയ്യും. ഉദാഹരണത്തിന്, ഫാക്ടറികളിൽ കുടിവെള്ളത്തിന് മൺകുടവും തുപ്പാൻ കോളാമ്പിയും വേണമെന്നാണ് നിയമം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം നിയമങ്ങൾ എടുത്തുകളയുകതന്നെ വേണം. നിലവിലെ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് റിഡ്രസൽ മെക്കാനിസം ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നുണ്ട്. വ്യവസായ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വ്യവസായ എസ്റ്റേറ്റുകളിലേതുൾപ്പെടെയുള്ള സർക്കാർ ഭൂമിയുടെ കൈമാറ്റം സംബന്ധിച്ചുള്ള പോരായ്മകൾ പരിഹരിക്കുന്ന പുതിയ ലാൻഡ് ലീസ് പോളിസിയുടെ കരട് ആയിട്ടുണ്ട്. വ്യവസായികളുമായും മറ്റും ചർച്ച ചെയ്ത് അന്തിമ നയത്തിന് രൂപം നൽകും. അതുപോലെ പരിശോധനകൾ ഏകീകരിക്കാനായി കേന്ദ്രീകൃത പരിശോധനാ സംവിധാനവും നടപ്പാക്കും. ഇടയ്ക്കിടെയുള്ള പരിശോധനകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

വ്യവസായ എസ്റ്റേറ്റുകൾക്ക് ഏകീകൃത വ്യവസ്ഥ കൊണ്ടുവരാൻ പദ്ധതിയുണ്ടോ?

ജില്ലാ വ്യവസായ കേന്ദ്രം (ഡി.ഐ.സി.), സിഡ്‌കോ, കിൻഫ്ര, കെ.എസ്.ഐ.ഡി.സി. എന്നിവയ്ക്കു കീഴിലുള്ള വ്യവസായ പാർക്കുകൾക്കും എസ്റ്റേറ്റുകൾക്കും വ്യത്യസ്ത സ്വഭാവമാണ്. ഇതിന് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നത് പരിശോധിക്കുന്നുണ്ട്.

കേരള ബ്രാൻഡ് പ്രോത്സാഹിപ്പിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ?

ലോകമെമ്പാടും അറിയപ്പെടുന്ന ബ്രാൻഡാണ് കേരളം. ഇത് പ്രയോജനപ്പെടുത്തി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ഉത്പന്നങ്ങൾ ‘കേരള ബ്രാൻഡ്’ മുദ്രയോടെ വിപണിയിലെത്തിക്കാൻ അവസരം നൽകുന്നത് ആലോചിക്കുന്നുണ്ട്. ഒപ്പം, ‘ഓരോ ജില്ലയിലും ഓരോ ഉത്പന്നം’ എന്ന ആശയവും വികസിപ്പിക്കും. എം.എസ്.എം.ഇ.കളുടെ വിപണനം എളുപ്പമാക്കാൻ എറണാകുളത്ത് കാക്കനാട് 75 കോടി രൂപ മുതൽമുടക്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ എക്സിബിഷൻ-കം-ട്രേഡ് സെന്റർ സ്ഥാപിക്കുന്നുണ്ട്. കൺവെൻഷൻ സെന്റർ ഉൾപ്പെടുന്ന പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകും.

ഏതൊക്കെ മേഖലകളിലുള്ള വ്യവസായങ്ങൾക്കാണ് കേരളത്തിൽ സാധ്യത?

ഭക്ഷ്യ സംസ്കരണം, ഇലക്‌ട്രോണിക്സ്, ഫാർമ (മരുന്നുനിർമാണം), മെഡിക്കൽ ഉപകരണങ്ങൾ, ഉപഭോക്തൃ ഉത്പന്നം (എം.എം.സി.ജി.) തുടങ്ങിയ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ, ഐ.ടി. ഉൾപ്പെടെയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കും കേരളം മികച്ച ഡെസ്റ്റിനേഷനാണ്. നൂറു കോടി രൂപയിൽ കൂടുതൽ നിക്ഷേപമുള്ള പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകാൻ മാസത്തിൽ ഒരിക്കൽ യോഗം ചേരും.

ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി പോലുള്ള വമ്പൻ പദ്ധതികളുടെ പുരോഗതി?

കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാകും. ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായുള്ള ഭൂമി ഏറ്റെടുക്കലും വേഗത്തിലാക്കും. ആമ്പല്ലൂർ ഇലക്‌ട്രോണിക്സ് പാർക്ക് മൂന്നു വർഷത്തിനുള്ളിൽ സജ്ജമാക്കാനാണ് പദ്ധതി.

മറ്റു സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ചാർട്ടേഡ്‌ വിമാനം അയയ്ക്കുന്നു. നിക്ഷേപകരെ കൊണ്ടുവരാൻ വിമാനം വാടകയ്ക്കെടുക്കാൻ കേരളത്തിന് പദ്ധതിയുണ്ടോ?

സ്ഥല ലഭ്യതയിലെ കുറവ്, ഉയർന്ന ജനസാന്ദ്രത എന്നിവ ഉൾപ്പെടെ ഏതാനും പോരായ്മകളുണ്ടെങ്കിലും സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റിന് അനുകൂലമായ ഇടമാണ് കേരളം. ഏറ്റവും മികച്ച മാനവശേഷി, പ്രകൃതി മനോഹാരിത, സുരക്ഷിതമായി ഇറങ്ങി നടക്കാനുള്ള സാഹചര്യം, മികച്ച കാലാവസ്ഥ എന്നിവയൊക്കെ കേരളത്തിന് അനുകൂല ഘടകങ്ങളാണ്. നിക്ഷേപകർ വിമാനം പിടിച്ച് ഇവിടെ വരും. നല്ല വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന സമീപനംതന്നെയാണ് സർക്കാരിനുള്ളത്.