കൊച്ചി: പ്രമുഖ കോ-വർക്കിങ് ശൃംഖലയായ ‘ഇന്നർസ്‌പേസ്’ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങുന്നു. 2025-ഓടെ മൊത്തം 3,000 സീറ്റുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്നർ സ്‌പേസിന്റെ കോ-ഫൗണ്ടർമാരായ ഫൈസൽ ഇളയടത്തും പ്രിൻസ് തരകൻ ജോർജും വ്യക്തമാക്കി. ഏതാണ്ട് അഞ്ചു കോടി രൂപയാവും ഇതിനായി മുതൽമുടക്കുക.

കൊച്ചിയിൽ കലൂർ എസ്.ആർ.എം. റോഡിൽ പ്രവർത്തിക്കുന്ന ഇന്നർസ്‌പേസിന്റെ രണ്ടാമത്തെ കേന്ദ്രം അടുത്ത മാസം ഇടപ്പള്ളിയിൽ തുറക്കും. 350 സീറ്റുകളുള്ള പ്രീമിയം കോ-വർക്കിങ് സ്‌പേസാണ് ഇത്.

കൊച്ചിയിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതിനു പുറമെ, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നഗരങ്ങളിലും കോ-വർക്കിങ് ശൃംഖല വ്യാപിപ്പിക്കും. അതുകഴിഞ്ഞാൽ ചെറുപട്ടണങ്ങളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കാനാണ് പദ്ധതി. ഓരോ കേന്ദ്രത്തിലും ശരാശരി 200 മുതൽ 500 വരെ സീറ്റുകളാവും ഉണ്ടാവുക.

നേരിട്ടുള്ള കേന്ദ്രങ്ങൾക്കു പുറമെ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായോ കെട്ടിട ഉടമകളുമായോ ചേർന്ന് കോ-വർക്കിങ് സ്‌പേസ് ഒരുക്കാനാണ് പദ്ധതി. കോർപ്പറേറ്റുകൾ, പുതു സംരംഭങ്ങൾ, ഫ്രീലാൻസ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് മികച്ച തൊഴിലിടമൊരുക്കുന്ന കമ്പനി സ്റ്റാർട്ട്അപ്പുകൾക്കായി ഇൻക്യുബേറ്റർ, ആക്‌സിലറേറ്റർ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. സ്മാർട്ട് വർക്കിങ് അന്തരീക്ഷമൊരുക്കുന്ന കൂടുതൽ മേഖലകളിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ് കമ്പനി.