ഹ്യൂണ്ടായിയുടെ വജ്രായുധമായി അൽകാസറും എത്തി. ഹ്യൂണ്ടായിയുടെ മൂന്നു നിര എസ്.യു.വി. ഇന്ത്യയിലെത്തുന്നത് ആദ്യമായാണ്. ടാറ്റാ സഫാരി, എം.ജി. ഹെക്ടർ പ്ലസ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം വിഭാഗത്തിലേക്കാണ് അൽകാസറിന്റെ വരവ്. കഴിഞ്ഞദിവസം പുറത്തിറക്കിയ അൽകാസറിന് 16.30 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്‌ഷോറൂം വില.

എൻജിൻ

പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിലാണ് അൽകാസർ വരുന്നത്. 2.0 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് കരുത്തേകുന്നത്.

1.5 ലിറ്റർ ഡീസൽ യൂണിറ്റ് 113 ബി.എച്ച്.പി. കരുത്തും 250 എൻ.എം. ടോർക്കുമാണ് നൽകുന്നത്. 2.0 ലിറ്റർ പെട്രോൾ എൻജിൻ 157 ബി.എച്ച്.പി. കരുത്തും 191 എൻ.എം. ടോർക്കും നൽകും. രണ്ടിലും ആറ്്‌ സ്പീഡ് മാനുവലും ആറ്്‌ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ടായിരിക്കും. പെട്രോളിന്റെ മാനുവൽ ട്രാൻസ്മിഷൻ 14.5 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ, ഓട്ടോമാറ്റിക് 14.2 കിലോമീറ്ററാണ് നൽകുന്നത്. ഡീസലാകട്ടെ മാനുവൽ 20.4 കിലോമീറ്ററും ഓട്ടോമാറ്റിക് 18.1 കിലോമീറ്ററുമെന്നാണ് കമ്പനി പറയുന്നത്.

സവിശേഷതകൾ

ആറ്്‌, ഏഴ് സീറ്റിങ് ശേഷിയാണ് അൽകാസറിലുള്ളത്. 2,760 എം.എം. വീൽബേസാണ് അൽകാസറിന്റേത്. സെഗ്മെന്റിലെ ഏറ്റവും വലുതെന്ന് കമ്പനി അവകാശപ്പെടുന്ന ബൂട്ട് സ്പേസ് 80 ലിറ്ററാണ്. ക്രോമിലെ ത്രീഡി ഹണികോംബ് ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പർ ഡിസൈനുമാണ് അൽകാസറിലുള്ളത്. മൂന്നുവരി സീറ്റിങ് ഉള്ളതിനാൽ പുതിയ പിൻ ക്വാർട്ടർ പാനലാണ് വശങ്ങളിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട എക്സ്‌റ്റീരിയർ മാറ്റം.

പിൻഭാഗത്ത് ഒരു പുതിയ സ്‌പ്ലിറ്റ്‌ സ്റ്റൈൽ ടെയിൽലാമ്പാണ്. സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകൾ, ഡി.ആർ.എൽ., ഡ്യൂവൽ ടോൺ അലോയ് വീലുകൾ എന്നിവയും വിപുലീകരിച്ച പിൻ വാതിലുകളും ഓവർഹാങ്ങുകളും ഇതിന് ലഭിക്കും. വിശാലമായ സെൻട്രൽ എയർ ഇൻടേക്ക്, മുൻവശത്തും പിൻഭാഗത്തും സ്കിഡ് പ്ലേറ്റ് എന്നിവയും ഒപ്പമുണ്ട്.

6 സീറ്റർ വേരിയന്റിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും 7 സീറ്ററിന് ബെഞ്ച് സീറ്റുകളുമാണ്. രണ്ടാമത്തെ വരി സീറ്റുകൾ സിംഗിൾ ടച്ച് ടംബിൾ ഡൗൺ സവിശേഷത വാഗ്ദാനം ചെയ്യുന്നു. അതിനാൽ, മൂന്നാം നിരയിലേക്ക് കടക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഈ സീറ്റുകൾ പൂർണമായും മടക്കിവെക്കാനും കഴിയും. ബൂട്ട് സ്പേസ് കൂടുതൽ വിശാലമാക്കാൻ ഇതിനാൽ കഴിയും.

സ്റ്റോറേജ് സ്പേസ്, ഫ്രണ്ട് റോ സീറ്റ്ബാക്ക് ടേബിൾ, കപ്പ് ഹോൾഡർ, മൊബൈൽ ഹോൾഡർ എന്നിവയുള്ള ആറു സീറ്ററിൽ ആം റെസ്റ്റുകളുമുണ്ട്. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറുമുണ്ട്.

ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള 10.25 ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹ്യൂണ്ടായിയുടെ ബ്ലൂലിങ്ക് 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ.

8 വേ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പറഞ്ഞാൽ തുറക്കുന്ന ഫുൾ പനോരമിക് സൺറൂഫ്, 64 കളർ ആംബിയന്റ് ലൈറ്റിങ് എന്നിവയുണ്ട്. എയർ പ്യൂരിഫൈയറും ഉള്ളിലുണ്ട്. സ്നോ, സാൻഡ്, മഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളാണുള്ളത്. ഇതു കൂടാതെ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ ലാമ്പുകൾ, 360 ഡിഗ്രി ക്യാമറ, ആറ്്‌ എയർബാഗുകൾ എന്നിവ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നു.