വാണിജ്യമേഖലയിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിനുള്ള പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 84 ശതമാനം പേരും കൂടുതൽ സമയം ചെലവിടുന്നത് വീഡിയോകൾ കാണാനാണെന്ന് പഠനങ്ങൾ പറയുന്നു.

സ്റ്റാർട്ട് അപ്പുകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും ഈയൊരു സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ട സമയമാണിത്. പരമ്പരാഗത പരസ്യ ചിത്രങ്ങളിൽ നിന്ന്‌ വിഭിന്നമായി ഏതൊക്കെ തരം വീഡിയോ കണ്ടന്റുകളാണ് നമുക്കുപയോഗിക്കേണ്ടതെന്നു നോക്കാം:

Fund Raising Videos

സ്റ്റാർട്ട് അപ്പുകളും വളർന്നുവരുന്ന കമ്പനികളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വളർച്ചയ്ക്കൊത്ത് മൂലധനം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. സംരംഭത്തിന്റെ ബിസിനസ് പ്ലാൻ എന്താണെന്ന് കൃത്യമായി നിക്ഷേപകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞാൽ ഫണ്ടിങ് പലപ്പോഴും എളുപ്പത്തിൽ ലഭിക്കും. ഇതിന് ‘ഫണ്ട് റെയ്‌സിങ് വീഡിയോ’കൾ ഫലപ്രദമാണ്.

നിങ്ങളുടെ ആശയം സാങ്കേതികതയുടെ അതിപ്രസരം ഇല്ലാതെ ഒരു കഥ രൂപത്തിൽ ആക്കി വീഡിയോയിലൂടെ അവതരിപ്പിക്കാം. സാധാരണ പരസ്യത്തിനെക്കാൾ നിങ്ങളുടെ പ്രേക്ഷകനുമായി ബന്ധം സ്ഥാപിക്കാൻ ഈ വീഡിയോകൾക്ക് എളുപ്പം സാധിക്കുന്നു. നിങ്ങളുടെ ലക്ഷ്യബോധങ്ങൾ സാക്ഷാത്കരിക്കാനും നിങ്ങൾ ഉദ്ദേശിക്കുന്ന ക്ലാസ് ഉപഭോക്താവിന്റെ/നിക്ഷേപകന്റെ അടുത്ത് നിങ്ങളെ എത്തിക്കാനും ഫണ്ട് റെയ്‌സിങ് വീഡിയോകൾ സഹായിക്കുന്നു.

‘Kickstarter’, ‘Indiegogo’ എന്നിങ്ങനെയുള്ള ‘ക്രൗഡ് ഫണ്ടിങ് പ്ലാറ്റുഫോമു’കളിൽ ആഗോള നിലവാരത്തിലും വീഡിയോകൾ വളരെ ലളിതവും വ്യത്യസ്തവുമായി അവതരിപ്പിച്ചുകൊണ്ടാണ് സ്റ്റാർട്ട് അപ്പുകൾ ദിവസങ്ങൾ കൊണ്ട് ദശലക്ഷം ഡോളറുകൾ വാരിക്കൂട്ടുന്നത്.

Corporate Videos

ഒരു സ്ഥാപനത്തിന്റെ പ്രൊഫൈൽ ആണ് യഥാർഥത്തിൽ ഒരു ‘കോർപ്പറേറ്റ് വീഡിയോ’. സ്ഥാപനത്തിന്റെ ലക്ഷ്യം, അടിസ്ഥാന സൗകര്യങ്ങൾ, മൂല്യങ്ങൾ, തൊഴിൽ ഊഷ്മളത, ശക്തികേന്ദ്രങ്ങൾ, മുഖ്യസാരഥികൾ, പരിണാമം എന്നിങ്ങനെ പൂർണവും കൃത്യതയാർന്നതുമായ വിവരങ്ങൾ മനോഹരമായ ദൃശ്യ-ശബ്ദ ഭാഷയിൽ അവതരിപ്പിക്കുന്ന വീഡിയോകളെയാണ് കോർപ്പറേറ്റ് വീഡിയോകൾ എന്ന് വിളിക്കുന്നത്.

പുതിയ ഉത്പന്നമോ ആശയമോ അതോ സ്ഥാപനമോ വളരെ ലളിതമായും ശക്തമായി ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഇത്തരം വീഡിയോകൾ ‘ഡിജിറ്റൽ’ ഇടങ്ങളിൽ ഇന്ന് ഏറെ നിർമിക്കപ്പെടുന്നുണ്ട്. അവയിൽ പലതും സാധാരണ ചലച്ചിത്രങ്ങളേക്കാൾ ദൃശ്യ മികവോടും സാങ്കേതിക തികവോടും കൂടിയാണ് രൂപപ്പെടുത്തുന്നത്.

Product Videos

ഒരു ഉത്പന്നത്തിന്റെ ഗുണഗണങ്ങളും പ്രത്യേകളും ലളിതമായി അവതരിപ്പിക്കുന്ന വീഡിയോകളാണ് ‘പ്രോഡക്ട് വീഡിയോ’. ഉത്പന്നത്തിന് പുതുജീവൻ നൽകാൻ ഇത്തരം വീഡിയോകൾക്ക് സാധിക്കുന്നു. നിങ്ങൾക് ഒരു വിശദീകരണ വീഡിയോ (Product Explainer Video) ഉണ്ടെങ്കിൽ, വളരെ ലളിതമായി തന്നെ സങ്കീർണമായ സാങ്കേതിക വിദ്യകളും ഉപയോഗങ്ങളും ഉപഭോക്താവിന് വിശദീകരിച്ചുകൊടുക്കാൻ സാധിക്കും. നിങ്ങൾ എന്താണോ വിൽക്കാൻ ഉദേശിക്കുന്നത്, അത് തീർച്ചയായും ലക്ഷ്യം കണ്ടിരിക്കും. പക്ഷേ, ഇതിലെ സങ്കടകരമായ വസ്തുത ചില സ്ഥാപനങ്ങൾ ഇപ്പോഴും പരമ്പരാഗത രീതിയിൽ തന്നെ പരസ്യം ചെയ്താൽ അവർക്കു നല്ലൊരു കമ്പോളം കിട്ടുമെന്ന തെറ്റിദ്ധാരണയിലാണ്. ബാനറുകളിലും പത്ര പരസ്യങ്ങളിലും ചുരുങ്ങുന്ന വ്യവസായങ്ങൾ കാലഹരണപ്പെട്ട് പോകുന്നതിന്റെ തെളിവുകൾ നമ്മൾ കാണുന്നതാണ്.

Campaign Videos

നിങ്ങളുടെ ഉത്പന്നം അല്ലെങ്കിൽ സേവനം പ്രത്യേകിച്ചും ഒരു സമൂഹം പൊതുവായി അഭിമുഖീകരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യുന്നുവെങ്കിൽ ‘കാമ്പയിൻ വീഡിയോ’കൾ ഏറെ ഫലപ്രദമാണ്. വൈകാരികതയുണർത്തുന്ന ഇത്തരം വീഡിയോകൾ പരോക്ഷമായി മാത്രമേ അതിന്റെ വ്യാപാര താത്പര്യങ്ങൾ പ്രദർശിപ്പിക്കുകയുള്ളൂ. ഇത്തരം വീഡിയോകൾക്ക് ‘ഓർഗാനിക് റീച്ച്’ വളരെയധികം ലഭിക്കുന്നു.

Influencer Videos

നിങ്ങളുടെ ബിസിനസിന്റെ സ്വാധീന ശക്തികൾ നിങ്ങളുടെ ഉപഭോക്താക്കൾ തന്നെയാണ്. അത്തരം ഉപഭോക്താക്കളുടെ അഭിപ്രായവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന വീഡിയോകൾ വലിയതോതിൽ നിങ്ങളുടെ ഉത്പന്നത്തെയും സേവനത്തെയും ജനകീയമാക്കും. ‘Client testimony’ എന്ന ഗണത്തിലാണ് ഇത് പെടുക. സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആളുകൾ ഫോളോ ചെയ്യുന്ന സ്വാധീന ശക്തികളെയും ഇതിനു പയോഗിക്കാവുന്നതാണ് (Social media influencers) അത്തരത്തിൽ ആരെങ്കിലും നിങ്ങളുടെ ഉത്പന്നമോ സേവനമോ ഉപയോഗിക്കുന്നെങ്കിൽ അവരുടെ വാക്കുകൾക്ക് ഏതു പെയ്ഡ് പ്രൊമോഷനേക്കാളും മൂല്യമുണ്ട്.

Micro Videos

വീഡിയോകൾ നിർമിക്കുമ്പോൾത്തന്നെ അതിന്റെ സമയപരിധി വളരെ പ്രധാനപ്പെട്ടതാണ്. ‘അതിവേഗം ബഹുദൂരം’ പോകുന്ന ഈ തലമുറയ്ക്ക് ആവശ്യം ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകളാണ്. സമയമില്ലാത്ത ഈ കാലത്ത് ‘മൈക്രോ വീഡിയോ’കൾ പല പ്ലാറ്റുഫോമുകളിലും ഷെയർ ചെയ്യപ്പെടുന്നു. ‘Snapchat’-ന്റെ വിജയഗാഥയ്ക്ക് കാരണം ഇത് തന്നെ. വീഡിയോയുടെ സമയപരിധി കുറയുമ്പോൾ ആകർഷകമാകുന്ന രീതിയിൽ കണ്ടന്റ് മാറ്റാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകുന്നു. വെറും 10 സെക്കൻഡ്‌ ഉള്ള വീഡിയോ കോടിക്കണക്കിന് ആൾക്കാരിലേക്ക് എത്തുന്നു. ‘മൈക്രോ വീഡിയോ’ എന്ന മാജിക് ചേരുവ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങൾ ബിസിനസിൽ കൊണ്ടുവന്ന ഒരുപാട് ഉദാഹരണങ്ങൾ നമുക്കുചുറ്റും കാണാം.

(സ്റ്റാർട്ട് അപ്പ് സംരംഭകനും ‘ക്യാറ്റ് എന്റർടെയിൻമെന്റ്’ എന്ന മീഡിയ പ്രൊഡക്‌ഷൻ കമ്പനിയുടെ സി.ഇ.ഒ.യുമാണ് ലേഖകൻ)

#videocontentproduction,  #catentertainments, #amarnathsankar