കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവൻ വില തിങ്കളാഴ്ച 240 രൂപ വർധിച്ച് 37,680 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4,710 രൂപയായി. ഞായറാഴ്ച പവന് 37,440 രൂപയും ഗ്രാമിന് 4,680 രൂപയുമായിരുന്നു വില.

മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വില വർധിച്ചത്. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,872.10 ഡോളറായാണ് വില വർധിച്ചത്.

യു.എസ്. 90,000 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് വില ഉയരാൻ കാരണം. ഇതോടെ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കൂടി.

content highlights: gold price rises