കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. ശനിയാഴ്ച പവന് 200 രൂപ കൂടി 35,920 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി. വെള്ളിയാഴ്ച പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ.

മേയിൽ ഇതുവരെ പവന് 880 രൂപയും ഗ്രാമിന് 110 രൂപയും വർധിച്ചു. ഏപ്രിൽ മുതൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് നിരീക്ഷിക്കുന്നത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നു പവൻ വില.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,840 ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.