കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ബജറ്റിന്റെ ചലനങ്ങൾ കണ്ടുതുടങ്ങി. ചൊവ്വാഴ്ച സ്വർണം പവന് 280 രൂപ കുറഞ്ഞ് 36,120 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,515 രൂപയായി. രണ്ട് ദിവസങ്ങളിലായി സ്വർണ വിലയിൽ 680 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമായിരുന്നു വില.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽനിന്ന്‌ 7.5 ശതമാനമായി കുറച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനമാണ് വിലയിടിവിന് വഴിയൊരുക്കിയത്. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിറകെ പവൻ വിലയിൽ 400 രൂപയുടെ ഇടിവുണ്ടായി. വില കുറയുന്നത് സ്വർണ ആവശ്യകത വർധിപ്പിക്കുകയും കോവിഡ് പ്രതിസന്ധിയിൽനിന്ന്‌ കരകയറുന്നതിന് വിപണിക്ക് ഉത്തേജനമാകുമെന്നുമാണ് വിലയിരുത്തൽ. മാത്രമല്ല, വിവാഹ സീസൺ ആണെന്നതും വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Content Highlight: Gold Price Decrease