കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ചൊവ്വാഴ്ച പവന് 760 രൂപ കുറഞ്ഞ് 33,680 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 4,210 രൂപയായി. തിങ്കളാഴ്ച പവന് 34,440 രൂപയും ഗ്രാമിന് 4,305 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,724.30 ഡോളറാണ് ചൊവ്വാഴ്ചത്തെ നിരക്ക്.

ഡോളർ കരുത്താർജിക്കുന്നതിനൊപ്പം യു.എസ്. ട്രഷറി ബോണ്ടുകളിലേക്കുള്ള പണമൊഴുക്ക് വർധിക്കുന്നതും സ്വർണത്തിന്റെ വില കുറയാൻ കാരണമായി.

കേരളത്തിൽ തുടർച്ചയായി ഏഴാമത്തെ ദിവസമാണ് സ്വർണ വില കുറയുന്നത്. ഈ വർഷം മാത്രം പവൻ വിലയിൽ 3,760 രൂപയുടെ ഇടിവുണ്ടായി.

2020 ഓഗസ്റ്റ് ഏഴിന് പവൻ വില 42,000 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പവന് 8,320 രൂപയും ഗ്രാമിന് 1,040 രൂപയും ഇതുവരെ കുറഞ്ഞു. 2020 ജനുവരി മുതൽ ഓഗസ്റ്റ് ഏഴു വരെ സ്വർണത്തിന്റെ വിലവർധന പവന് 13,000 രൂപയും ഗ്രാമിന് 1,625 രൂപയുമായിരുന്നു. ഒരു കിലോഗ്രാം സ്വർണത്തിന് 11 ലക്ഷം രൂപയുടെ ഇടിവാണ് ആറു മാസത്തിനുള്ളിൽ സംഭവിച്ചത്.

Content Highlight: Gold Price Decline