കൊച്ചി: ലോകത്ത് സ്വർണ ഉപഭോഗം കൂടുന്നുണ്ടെങ്കിലും ഖനനം കുറയുന്നതായി നിരീക്ഷണം. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2019-ൽ സ്വർണ ഖനികളിലെ ഉത്പാദനം 3,531 ടണ്ണാണ്. 2018-ലേതിനെ അപേക്ഷിച്ച് ഒരു ശതമാനം കുറവ്. 2008 മുതൽ 2018 വരെ ഓരോ വർഷവും ഉത്പാദനം കൂടുകയായിരുന്നു.

വരും വർഷങ്ങളിൽ സ്വർണഖനികളിലെ ഉത്പാദനം മന്ദഗതിയിലാകുകയോ, കുറയുകയോ ചെയ്യുമെന്നാണ് കൗൺസിലിന്റെ നിരീക്ഷണം. നിലവിലെ ഖനികളിലെ സ്വർണശേഖരം തീർന്നുപോകുകയോ, പുതിയ ഖനികളുടെ കണ്ടെത്തലുകൾ ദുർലഭമാവുകയോ ചെയ്യുന്നതിനാലാണത്.

അമേരിക്കൻ ജിയോളജിക്കൽ സർവേ അനുസരിച്ച് 1,90,000 ടൺ സ്വർണമാണ് ഇതുവരെ ലോകത്ത് ഖനനം ചെയ്തിട്ടുള്ളത്. 50,000 ടണ്ണോളം സ്വർണം ഇനിയും ഖനനം ചെയ്യാനുണ്ട്്. പുതിയ സാങ്കേതിക വിദ്യകളായ സ്മാർട്ട് ഡേറ്റാ മൈനിങ് പോലുള്ളവ ഉപയോഗിച്ചാകും കഠിനമായ പുതിയ ഖനികൾ ആരംഭിക്കുകയെന്നാണ് സൂചനകൾ.

ഇലക്‌ട്രോണിക്‌സിലും സ്വർണം

സ്വർണാഭരണങ്ങൾക്കു പുറമെ, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമായി സ്വർണം മാറിയിട്ടുള്ളതിനാൽ സ്വർണത്തിന്റെ ആവശ്യകത വർധിക്കുകയാണ്. മൊബൈൽ ഫോണുകളിലടക്കം വലിയ അളവിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്.