കൊച്ചി: വിദേശ ചരക്കുവിമാന സർവീസുകൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഓപ്പൺ സ്കൈ നയം’ ഓണ സീസണിൽ സംസ്ഥാനത്തുനിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിക്ക് തിരിച്ചടിയാകുന്നു. ഈ വർഷം വിഷു-റംസാൻ സീസണിലും നയം കാരണം സംസ്ഥാനത്തിന് ഭീമമായ വരുമാന നഷ്ടം നേരിട്ടിരുന്നു.

മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്., യൂറോപ്യൻ വിപണികളിലേക്കും കേരളത്തിൽനിന്ന്‌ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. ഓണ സീസൺ ആരംഭിച്ചതോടെ വലിയ ഡിമാൻഡ് ഈ വിപണികളിൽ നിന്നുണ്ടെങ്കിലും കയറ്റുമതിക്ക് അനുകൂലമായ സാഹചര്യമില്ലെന്ന് കയറ്റുമതിക്കാർ പറയുന്നു.

നിലവിൽ ചെന്നൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് വിദേശ ചരക്കുവിമാന സർവീസുകൾക്ക് അനുമതിയുള്ളത്. ഇന്ത്യൻ വിമാന കമ്പനികൾക്ക് ചരക്കു സർവീസുകൾ കുറവാണ്.

കേരളത്തിൽനിന്ന് പഴവർഗങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിന് അടുത്ത സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ. റോഡുമാർഗം ഈ വിമാനത്താവളങ്ങളിലേക്ക് ചരക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള ചെലവ് കൂടുമെന്നതിനാൽ മിക്ക കയറ്റുമതിക്കാരും ഓർഡറുകൾ നഷ്ടപ്പെടുത്തുകയാണ്. ഇത് മറ്റു സംസ്ഥാനങ്ങൾക്കാണ് നേട്ടമാകുന്നത്. നഞ്ചൻകോട്, ഊട്ടി, കൂർഗ് എന്നിവിടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിക്കും കേരളത്തിലെ വിമാനത്താവളങ്ങളെ ആശ്രയിച്ചിരുന്നു.

ചെറിയ തോതിൽ യാത്രാ വിമാനങ്ങളിൽ കയറ്റുമതി നടക്കുന്നുണ്ട്. സ്പേസ് ഡിമാൻഡ് കൂടുതലായതിനാൽ കിലോയ്ക്ക് 170-180 രൂപ ചരക്കുകൂലി നൽകണം. നേരത്തെ കിലോയ്ക്ക് 60-70 രൂപ നിരക്ക് ഈടാക്കിയിരുന്ന സ്ഥാനത്താണിത്. പുതുക്കിയ ഓപ്പൺ സ്കൈ നയം വരുന്നതിനു മുൻപ് പത്തോളം ചരക്കുവിമാന സർവീസുകൾ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഉണ്ടായിരുന്നു.

Content Highlights: Fruit and vegetable exports crisis in Onam season too