കൊച്ചി: ഓൺലൈനിലൂടെ ഇറച്ചിയും മീനും വിൽക്കുന്ന മലയാളി സ്റ്റാർട്ട് അപ്പ്‌ ആയ ‘ഫ്രഷ് ടു ഹോം’ കോവിഡ് മഹാമാരിക്കിടയിലും വിറ്റുവരവിലും ഉപഭോക്താക്കളുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷം 40 ശതമാനത്തിലധികം വളർച്ച നേടി. മലയാളികളായ ഷാൻ കടവിൽ, മാത്യു ജോസഫ് എന്നിവർ ചേർന്ന് 2015-ൽ ആരംഭിച്ച ഈ സംരംഭം ഇന്ന് 20 ലക്ഷത്തോളം രജിസ്‌ട്രേഡ് ഉപഭോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫ്രഷ് മാർക്കറ്റായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് യു.എ.ഇ.ലും ശക്തമായ സാന്നിധ്യമായി.

650 കോടിയായിരുന്ന വിറ്റുവരവ് ഈ സാമ്പത്തിക വർഷം 1,200 കോടിയിലെത്തിക്കാൻ ലക്ഷ്യമിടുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ബംഗാൾ, ചണ്ഡീഗഢ്‌ എന്നിവിടങ്ങളിൽ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും.

പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ മേയ് മാസം ഇന്ത്യയിൽ 150 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, കേരളം മാത്രമെടുത്താൽ അതിലും ഉയർന്ന വളർച്ചയാണ് നേടിയത്. വിറ്റുവരവിലും മുൻ മാസങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വളർച്ച നേടാനായി.

കോവിഡിന്റെ ആദ്യ തരംഗത്തിൽ ചെയ്തതുപോലെ ഇത്തവണയും മുഴുവൻ ജീവനക്കാർക്കും ശമ്പളത്തിന്റെ 25 ശതമാനം ‘ഹീറോ ബോണസ്’ നൽകി. ഈ മാസം മുതൽ എല്ലാവർക്കും ശമ്പള വർധനയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ. ഷാൻ കടവിൽ പറഞ്ഞു.

നേരിട്ടും അല്ലാതെയും 17,000-ത്തോളം പേരാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നത്. മുഴുവൻ ജീവനക്കാർക്കും കോവിഡ് വാക്സിൻ നൽകിവരികയാണ്. കൂടാതെ, കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

വിഷമകരമായ ഘട്ടത്തിൽ ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കമ്പനിയുടെ വിജയത്തിനു സഹായിച്ചതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സി.ഒ.ഒ.) മാത്യു ജോസഫ് പറഞ്ഞു.

അനുകരണീയമായ തൊഴിൽമാതൃക സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കേരള ഹെഡ് അജിത് നായർ അഭിപ്രായപ്പെട്ടു. മീൻ, ഇറച്ചി എന്നിവയ്ക്ക് പുറമെ മാരിനേറ്റഡ്, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് വിഭവങ്ങളും ഓൺലൈനിൽ വിൽക്കുന്ന ഫ്രഷ് ടു ഹോം, അടുത്തഘട്ട വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കാനായി ഇന്ത്യയിലെ ആറ്്‌ പ്രാദേശിക ഭാഷകളിൽ വീഡിയോ പരസ്യചിത്രങ്ങൾ അവതരിപ്പിച്ചതായി ചീഫ് മാർക്കറ്റിങ് ഓഫീസർ വാന്ത ഫെറാഒ അറിയിച്ചു.