കൊച്ചി: മലയാളി സംരംഭകൻ അജി എബ്രഹാമുമായി ചേർന്ന് ‘ഹോട്ട്‌മെയിൽ’ സ്ഥാപകൻ സബീർ ഭാട്ടിയ പുതിയ സ്റ്റാർട്ട്അപ്പിന് രൂപം നൽകി. തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ വീഡിയോ പ്രൊഫൈൽ ഉണ്ടാക്കാൻ സഹായിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമാണ് ഇരുവരും ചേർന്ന് തുടങ്ങിയിരിക്കുന്നത്. ‘ഷോ റീൽ’ (showreelapp.com) എന്ന പേരിലുള്ള ഈ സോഷ്യൽ വീഡിയോ പ്ലാറ്റ്‌ഫോം തുടക്കത്തിൽ ഇന്ത്യയിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഇ-മെയിൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് 25 വർഷം മുമ്പാണ് സബീർ ഭാട്ടിയ എന്ന ഇന്ത്യക്കാരൻ ഹോട്ട്‌മെയിൽ അവതരിപ്പിച്ചത്. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ 40 കോടി ഡോളറിന് (ഇന്നത്തെ ഡോളർ മൂല്യം അനുസരിച്ച് 3,000 കോടി രൂപ) ടെക് ഭീമനായ ‘മൈക്രോസോഫ്റ്റ്’ അതിനെ സ്വന്തമാക്കി. തുടർന്ന്, ഒരു വർഷം അദ്ദേഹം മൈക്രോസോഫ്റ്റിൽ പ്രവർത്തിച്ചു. 1999-ൽ മൈക്രോസോഫ്റ്റ് വിട്ട്, അദ്ദേഹം ‘ആർസൂ’, ‘സബ്‌സെ’ എന്നീ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല. തുടർന്നാണ്, ടിക് ടോക് വീഡിയോകളുടെ മാതൃകയിൽ തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്ന ‘ഷോ റീൽ’ എന്ന പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പാമ്പാക്കുട പിറമാടം സ്വദേശിയായ അജി എബ്രഹാം, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം ആഗോള കമ്പനിയായ ‘മോട്ടൊറോള’യിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്. പിന്നീട്, ‘ആർമിയ സിസ്റ്റംസ്’ എന്ന പേരിൽ പ്രോഡക്ട് ഡെവലപ്‌മെന്റ് കമ്പനിക്ക് രൂപം നൽകി. ആർമിയയുടെ ഏറ്റവും വലിയ വികസന കേന്ദ്രം കൊച്ചി ഇൻഫോപാർക്കിലാണ്. സബീർ ഭാട്ടിയയുമായി കുറെക്കാലമായി അറിയാമായിരുന്നെന്നും പുതിയ സംരംഭത്തിന്റെ ആശയം കേട്ടതോടെയാണ് അതിന്റെ കോ-ഫൗണ്ടറും ചീഫ് ടെക്‌നോളജി ഓഫീസറുമായി ചേർന്നതെന്നും അജി എബ്രഹാം പറഞ്ഞു.

ജോലിക്കായുള്ള അഭിമുഖത്തിന് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് മറുപടി തേടിക്കൊണ്ടാണ് ഉദ്യോഗാർഥികളുടെ വീഡിയോ ‘ഷോ റീൽ’ തയ്യാറാക്കുന്നത്. സബീർ ഭാട്ടിയയോ സഹപ്രവർത്തകരോ ആണ് ചോദ്യങ്ങളുമായി എത്തുക. ഉദ്യോഗാർഥികളുടെ മറുപടികൾ കോർത്തിണക്കിക്കൊണ്ട് ഹ്രസ്വ വീഡിയോ തയ്യാറാക്കുകയാണ് ഈ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. വൻതോതിൽ നിയമനം നടത്തുന്ന കമ്പനികൾക്ക് റിക്രൂട്ട്‌മെന്റ് എളുപ്പമാക്കാൻ ഈ വീഡിയോകൾ സഹായകമാകും.