കശ്മീരിൽ കാണുന്ന രുചിയേറും മത്സ്യം ഇനി കേരളത്തിലും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും ലഭിക്കും. ‘ഹിമാലയൻ റെയിൻബോ ട്രൗട്ട്’ എന്ന മത്സ്യമാണ് ‘ഫ്രഷ് ടു ഹോം’ വഴി തീൻമേശകളിലേക്കെത്തുക. പ്രതിവർഷം 600 ടൺ ട്രൗട്ട് മത്സ്യം കശ്മീരിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, ഇതുവരെ അവ കശ്മീർ വിട്ട് വിറ്റിട്ടില്ല.

കശ്മീരിൽനിന്നുള്ള യുവ സംരംഭകരാണ് ട്രൗട്ട് മത്സ്യം മറ്റ് വിപണികളിലേക്ക് എത്തിക്കുന്നതിന് തയ്യാറെടുത്തത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജീസ് കൊച്ചി ഓഫീസിൽ എത്തിയ യുവ സംരംഭകരുമായി ഫ്രഷ് ടു ഹോം സി.ഇ.ഒ. മാത്യു കരോണ്ടുകടവിൽ ഇതു സംബന്ധിച്ച് ധാരണയിലായി. വരുന്ന ആഴ്ചതന്നെ ട്രൗട്ട് മത്സ്യം കൊച്ചിയിൽ ലഭ്യമാക്കുമെന്നും ഇത് കശ്മീരിലെ കർഷകർക്ക് സഹായമാകുമെന്നും മാത്യു കരോണ്ടുകടവിൽ പറഞ്ഞു.