കൊച്ചി: ഫെഡറൽ ബാങ്ക് കോവിഡിനിടയിലും സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ 307.62 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 416.70 കോടിയായിരുന്നു ഇത്. അതേസമയം, പ്രവർത്തന ലാഭം 40 ശതമാനം ഉയർന്ന് 1,006.53 കോടി രൂപയിലെത്തി. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രവർത്തന ലാഭം 1,000 കോടി രൂപയ്ക്കു മുകളിലെത്തുന്നതെന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

അറ്റ പലിശ 22.79 ശതമാനം വർധനയോടെ 1,379.87 കോടി രൂപയിലെത്തി. സ്വർണപ്പണയത്തിന്റെ കാര്യത്തിൽ 54.02 ശതമാനം വളർച്ച കൈവരിച്ചു. വായ്പയും നിക്ഷേപവും ചേർന്നുള്ള മൊത്തം ബിസിനസ് 9.48 ശതമാനം വർധിച്ച് 2.80 ലക്ഷം കോടി രൂപയിലെത്തി. മൊത്തം വായ്പ 1.18 ലക്ഷം കോടി രൂപയും നിക്ഷേപം 1.57 ലക്ഷം കോടി രൂപയുമാണ്.