federal bankരാജ്യത്തെ മുൻനിര ബാങ്കുകളുടെ പട്ടികയിലേക്ക് ഉയരാൻ കേരളത്തിന്റെ സ്വന്തം ബാങ്കായ ‘ഫെഡറൽ ബാങ്ക്’ തയ്യാറെടുക്കുന്നു. നാല്‌ വർഷത്തിനുള്ളിൽ മൊത്തം ബിസിനസ് അഞ്ചുലക്ഷം കോടി രൂപയിലേറെയായി ഉയർത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവിൽ വിരലിൽ എണ്ണാവുന്ന ബാങ്കുകൾക്ക് മാത്രമാണ് ഇതിലേറെ ബിസിനസ് ഉള്ളത്.

‘മാതൃഭൂമി ധനകാര്യ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ബാങ്കിന്റെ വളർച്ചാലക്ഷ്യങ്ങളെക്കുറിച്ച് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ വിശദീകരിച്ചു.

അഞ്ചു ലക്ഷം കോടി രൂപ എന്ന ബിസിനസ്‌ ലക്ഷ്യം വളരെ വലുതല്ലേ?

ഇന്ത്യൻ ബാങ്കിങ് രംഗത്തെ ശരാശരി വായ്പാ വളർച്ച ഇപ്പോൾ 12 ശതമാനമാണെങ്കിൽ ഫെഡറൽ ബാങ്കിന്റേത് 19 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷവും നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലും 19 ശതമാനം വളർച്ച കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. വിപണിസാഹചര്യമനുസരിച്ച് 18 മുതൽ 24 ശതമാനം വരെ നിരക്കിൽ വളരാൻ ബാങ്കിന് ശേഷിയുണ്ട്. ദേശീയ ശരാശരിയെക്കാൾ ഇരട്ടി വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ വളർച്ചാനിരക്ക് വച്ച് മൂന്നര-നാലുവർഷം കൊണ്ടുതന്നെ ബിസിനസ് ഇരട്ടിയാക്കാൻ സാധിക്കും. വായ്പയും നിക്ഷേപവും ചേർന്നുള്ള മൊത്തം ബിസിനസ് നിലവിൽ 2.45 ലക്ഷം കോടി രൂപയാണ്.

വിപണി സാഹചര്യം അനുകൂലമാണോ?

നിലവിലെ വിപണി സാഹചര്യത്തിലും ഫെഡറൽ ബാങ്ക് സുരക്ഷിതമായ നിലയിലാണ്. ദേശീയ ശരാശരിയെക്കാളും ഉയർന്ന വളർച്ച കൈവരിക്കാൻ കഴിയുന്നുണ്ട്. ആവശ്യത്തിന് മൂലധനവും ബാങ്കിനുണ്ട്. ഒപ്പം, കിട്ടാക്കടം മറ്റു ബാങ്കുകളെ അപേക്ഷിച്ച് കുറവാണ്.

കിട്ടാക്കടത്തിന്റെ തോത്?

2019 ജൂണിലെ കണക്കനുസരിച്ച് മൊത്തം കിട്ടാക്കടം 2.99 ശതമാനമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 1.49 ശതമാനം മാത്രമാണ്. കോർപ്പറേറ്റ് വായ്പകളിൽ മാർച്ച് പാദത്തിൽ കിട്ടാക്കടം പൂജ്യമായിരുന്നു. ജൂൺ പാദത്തിൽ 89 കോടിയും. കിട്ടാക്കടത്തിന്റെ കാര്യത്തിൽ സുരക്ഷിതമായ നിലയിലാണ് ബാങ്ക് ഇപ്പോൾ. പുതിയ വായ്പകളിലും കരുതലോടെയുള്ള സമീപനം കൈക്കൊള്ളുന്നുണ്ട്.

കേരളത്തിൽ ഇനിയും വളർച്ചാസാധ്യതയുണ്ടോ?

മൊത്തം ബിസിനസിന്റെ ഏതാണ്ട് പകുതിയും കേരളത്തിൽ നിന്നാണ്. വായ്പയും നിക്ഷേപവും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മൊത്തം ബിസിനസ് 1,23,000 കോടി രൂപയാണ്. കേരളത്തിൽ പുതുതായി ഉണ്ടാകുന്ന ബിസിനസിന്റെ അഞ്ചിലൊന്നും നേടാൻ ഫെഡറൽ ബാങ്കിന് കഴിയുന്നുണ്ട്. ഇത് ഇനിയും കൂട്ടാൻ തന്നെയാണ് ഉദ്ദേശ്യം. കേരള വിപണിയിൽ ആധിപത്യം ഉറപ്പിക്കണം. ഒപ്പം, കേരളത്തിന് പുറത്തുള്ള ബിസിനസ് വിപുലീകരിക്കുകയും ചെയ്യണം. അതാണ് ലക്ഷ്യം.

എ.ടി.എമ്മുകളുടെ നടത്തിപ്പ് ചെലവേറിയതാകുകയാണല്ലോ? ഈ സാഹചര്യത്തിൽ എ.ടി.എമ്മുകളുടെ എണ്ണം കുറയ്ക്കുമോ?

എ.ടി.എമ്മുകളുടെ നടത്തിപ്പുചെലവ് കൂടുകയാണ്. ഈ സാഹചര്യത്തിൽ എ.ടി.എമ്മുകളുടെ എണ്ണം കാര്യമായി ഉയർത്താനാകില്ല. എന്നാൽ, നഷ്ടത്തിലുള്ള ചില എ.ടി.എമ്മുകൾ പൂട്ടുകയും തിരക്കുള്ള സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കുകയും ചെയ്യും. സുരക്ഷ കൂടി കണക്കിലെടുത്താവുമിത്.

ഒട്ടേറെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി.) ബാങ്കിങ് രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. ബാങ്കുകളുമായുള്ള സംയോജനത്തിലൂടെയാണിത്. ഇത്തരമൊരു സംയോജനത്തിന് ഫെഡറൽ ബാങ്ക് ഒരുക്കമാണോ?

തീർച്ചയായും അത് വലിയൊരു അവസരമാണ്. പക്ഷേ, അത്തരം നിർദേശങ്ങളൊന്നും തന്നെ ഞങ്ങളുടെ മുന്നിൽ നിലവിലില്ല. അവസരം വന്നാൽ അപ്പോൾ ആലോചിക്കാം.

ഐ.ഡി.ബി.ഐ. ബാങ്കുമായി ചേർന്ന് തുടങ്ങിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ‘ഐ.ഡി.ബി.ഐ. ഫെഡറൽ ലൈഫി’ലെ ഓഹരിപങ്കാളിത്തം ഉയർത്താൻ പദ്ധതിയുണ്ടോ?

ഐ.ഡി.ബി.ഐ. ബാങ്കിനെ എൽ.ഐ.സി. ഏറ്റെടുത്തതോടെ ‘ഐ.ഡി.ബി.ഐ. ഫെഡറൽ ലൈഫി’ലുള്ള ഓഹരി എന്തുചെയ്യണമെന്ന് അവർ ആലോചിക്കുകയാണ്. കമ്പനിയിൽ 26 ശതമാനം ഓഹരിയാണ് ഫെഡറൽ ബാങ്കിനുള്ളത്. അതിൽ നിന്ന് ഇപ്പോൾ ലാഭവീതം കിട്ടാൻ തുടങ്ങിയിട്ടുണ്ട്. മികച്ച നിലയിലാണ് അതിന്റെ പ്രവർത്തനം. ആകർഷകമായ വിലയ്ക്ക് ലഭിക്കുകയാണെങ്കിൽ കമ്പനിയിൽ ഐ.ഡി.ബി.ഐ. ബാങ്കിനുള്ള ഓഹരി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പക്ഷേ, ഇപ്പോൾ ഒരു തീരുമാനം പറയാനാകില്ല.

ശ്യാം ശ്രീനിവാസൻ

ഫെഡറൽ ബാങ്കിന്റെ തലപ്പത്ത് ഏറ്റവുധികം കാലം പ്രവർത്തിച്ച മാനേജിങ് ഡയറക്ടർമാരിലൊരാൾ എന്ന നേട്ടത്തിനുടമ. 2010-ൽ ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായെത്തിയ ശ്യാം ശ്രീനിവാസൻ ഈ സെപ്റ്റംബറിൽ ഒമ്പത്‌ വർഷം പൂർത്തിയാക്കുകയാണ്.

ഈ കാലയളവിൽ ബാങ്കിന്റെ മൊത്തം ബിസിനസ് ഏതാണ്ട് 63,000 കോടി രൂപയിൽ നിന്ന് 2.45 ലക്ഷം കോടി രൂപയായി ഉയർന്നു. വാർഷിക ലാഭമാകട്ടെ, 464 കോടിയിൽ നിന്ന് 1,244 കോടി രൂപയിലെത്തി നിൽക്കുന്നു. ശാഖകളുടെ എണ്ണം 672-ൽ നിന്ന് 1,251 ആയി. ജീവനക്കാരുടെ എണ്ണമാകട്ടെ, 7,896 എന്നതിൽ നിന്ന് 12,777 ആയി ഉയർന്നു. ഡിജിറ്റൽ ബാങ്കിങ് രംഗത്ത് വൻശക്തിയായി മാറാനും ഈ കാലയളവിൽ ഫെഡറൽ ബാങ്കിന് കഴിഞ്ഞു.