ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി ‘എവർഗ്രാൻഡെ’ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ചൈനയിലെ രണ്ടാമത്തെ വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ സെപ്റ്റംബർ അവസാനിക്കുന്നതിനു മുമ്പായി ഏകദേശം 12.5 കോടി ഡോളറാണ് (917 കോടി രൂപ) വിദേശത്തുള്ള ബോണ്ടുകളുടെ പലിശയായി നൽകാനുള്ളത്. 30,000 കോടി ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) കടത്തിൽ മുങ്ങിനിൽക്കുന്ന കമ്പനിക്ക് ഇതു നൽകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. പലിശ പൂർണമായി ലഭിക്കില്ലെന്ന്‌ നിക്ഷേപകരും കരുതുന്നു.

അതിനിടെ ആഭ്യന്തര ബോണ്ടുകളുടെ 3.59 കോടി ഡോളർ വരുന്ന പലിശയിൽ ഉപ കമ്പനിയായ ‘ഹെങ്ദ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്’ ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. പക്ഷേ, ഡോളറിലുള്ള പലിശയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഡോളറിലെ പലിശയിൽ കുടിശ്ശിക വരുത്തരുതെന്നാണ് കമ്പനിക്കുള്ള സർക്കാർ നിർദേശം. ഇതേക്കുറിച്ച് എവർഗ്രാൻഡെ പ്രതികരിച്ചിട്ടില്ല. പുതിയ വായ്പകൾ ലഭിക്കാത്ത സാഹചര്യത്തിൽ കമ്പനിക്ക് അതിനു കഴിയുമോ എന്നതിൽ സംശയമുണ്ട്.

എന്താണ് പ്രതിസന്ധി?

ചൈനീസ് ജി.ഡി.പി.യുടെ രണ്ടു ശതമാനം വരെ സംഭാവന ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് എവർഗ്രാൻഡെ. ചൈനയിലും ആഗോളതലത്തിലുമായി 30,000 കോടി ഡോളർ വരുന്ന കടക്കെണിയിലാണിപ്പോൾ. വായ്പകൾ തിരിച്ചടയ്ക്കാൻ കമ്പനിക്ക് ശേഷിയില്ലെന്ന് സർക്കാർ പൊതുമേഖലാ ബാങ്കുകളെ അറിയിച്ചു. ഗ്രൂപ്പിന്റെ പതനം മുൻകൂട്ടിക്കണ്ട് ആളുകൾ പ്രക്ഷോഭത്തിലേക്കു നീങ്ങാതിരിക്കാൻ മുൻകരുതൽ വേണമെന്ന് പ്രാദേശിക ഭരണകൂടങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

കമ്പനിയുടെ എണ്ണൂറോളം പദ്ധതികൾ പൂർത്തിയാക്കാനായിട്ടില്ല. പണമടച്ച പത്ത്‌ ലക്ഷത്തോളം പേർക്ക് പാർപ്പിടം കിട്ടിയില്ല. കരാറുകാർക്ക് കിട്ടാനുള്ളത് ഏഴര ലക്ഷം കോടി രൂപ. പലരുടെയും ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുന്ന അവസ്ഥ. കമ്പനിയുടെ ഓഹരി വില 90 ശതമാനത്തോളം ഇടിഞ്ഞുകഴിഞ്ഞു.

ചൈനയുടെ നഗര സമ്പത്തിന്റെ 70 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ടുതന്നെ എവർഗ്രാൻഡെയുടെ പ്രതിസന്ധി ബാങ്കുകളിലേക്കും മറ്റു റിയൽറ്റി കമ്പനികളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ട്.

മൂന്നു ദശാബ്ദങ്ങളിലായി എവർഗ്രാൻഡെയും അതുപോലുള്ള പത്തിലധികം കമ്പനികളും ചൈനയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇരട്ട അക്കത്തിലുള്ള പലിശയിൽ വായ്പയെടുത്ത് വലിയ ചൂതാട്ടമാണ് നടന്നത്. എവർഗ്രാൻഡെ പോലുള്ള കമ്പനികൾ രാജ്യത്തെ റിയൽ എസ്റ്റേറ്റ് ആസ്തികൾ വികസിപ്പിക്കുന്നതിൽ നിർണായകമായതിനാൽ കേന്ദ്ര ബാങ്കും കണ്ണടച്ചു. ഇത് കടം പെരുകാനും ബാങ്കുകളിൽ കിട്ടാക്കടം ഉയരാനും കാരണമായിട്ടുണ്ട്. ഇതിനിടയിൽ കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതവും തിരിച്ചടിയായി.