മുംബൈ: രാജ്യത്ത് ഇലക്‌ട്രിക് ഇരുചക്രവാഹന വിൽപ്പന കൂടുന്നതായി കണക്കുകൾ. അതേസമയം, ഇലക്‌ട്രിക് കാർ വിൽപ്പന കൂടിയിട്ടുമില്ല. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന തൊട്ടു മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2017-18ൽ 138 ശതമാനം ഉയർന്നു. ഇലക്‌ട്രിക് കാറുകളുടെ വിൽപ്പന 40 ശതമാനം ഇടിഞ്ഞിട്ടുണ്ട്. സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസിന്റെ കണക്കുപ്രകാരം

2018 മാർച്ച് അവസാനത്തോടെ ഏകദേശം 56,000 ഇലക്‌ട്രിക് വാഹനങ്ങളാണ് നിരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 54,800 വാഹനങ്ങളും ഇരുചക്രവാഹനങ്ങൾ ആയിരുന്നു. 1,200 വാഹനങ്ങൾ ഇലക്‌ട്രിക് കാറുകളും.

ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത് പരിസ്ഥിതി സൗഹാർദപരവും സാമ്പത്തിക ലാഭമുള്ള ഗതാഗതമാർഗവുമായി ആളുകൾ അവയെ സ്വീകരിച്ചു തുടങ്ങി എന്നതിന്റെ സൂചനയാണെന്ന് എസ്.എം.ഇ.വി. കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ സോഹിന്ദർ ഗിൽ പറയുന്നു. വൈദ്യുതവാഹന നിർമാതാക്കളിൽ അധികവും ഇരുചക്രവാഹനങ്ങളിൽ ലിഥിയം ഇയോൺ ബാറ്ററികൾ ഉപയോഗിച്ച് തുടങ്ങിയത് വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടാൻ സഹായിച്ചതിനൊപ്പം ഉപഭോക്താക്കളുടെ ആത്മവിശ്വാസവും വർധിപ്പിച്ചുവെന്നാണ് സൂചന. അതേസമയം, മതിയായ ചാർജിങ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്താനാകാത്തതാണ് വൈദ്യുതകാറുകൾക്ക് തിരിച്ചടിയാകുന്നത്.