ചെന്നൈയിലും അമേരിക്കയിലെ സിലിക്കൺ വാലിയിലുമായി പ്രവർത്തിക്കുന്ന ‘സോഫ്റ്റ്‌വേർ ആസ് എ സർവീസ്’ (സാസ്) സ്റ്റാർട്ട്അപ്പായ ‘ഫ്രഷ് വർക്സ്’ അമേരിക്കയിൽ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് ഒരുങ്ങുന്നു. ഇതിനായുള്ള അപേക്ഷ അമേരിക്കയിലെ ഓഹരിവിപണി കമ്മിഷനിൽ ഫയൽ ചെയ്തു. 
തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് ആണ് തന്റെ ‘മാനസ ഗുരു’ എന്ന് ഫയലിങ്ങിൽ ഫ്രഷ് വർക്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ഗിരീഷ് മാതൃഭൂതം രേഖപ്പെടുത്തിയിട്ടുണ്ട്. 10 കോടി ഡോളർ  (750 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി.ഒയ്ക്ക്‌  
‘പ്രോജക്ട്‌ സൂപ്പർ സ്റ്റാർ’ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. 
ഗിരീഷ് മാതൃഭൂതത്തിന്റെ നേതൃത്വത്തിൽ ‘ഫ്രഷ് ഡെസ്ക്’ എന്ന പേരിൽ 2010-ൽ തുടങ്ങിയ കമ്പനിയുടെ പേര് പിന്നീട് ‘ഫ്രഷ് വർക്സ്’ എന്നാക്കി മാറ്റുകയായിരുന്നു. കമ്പനികൾക്ക് ക്ലൗഡ് അധിഷ്ഠിത കസ്റ്റമർ സർവീസ് സോഫ്റ്റ്‌വേർ ഒരുക്കി കൊണ്ടായിരുന്നു തുടക്കം. 
സെക്വയ, ആക്‌സൽ, ടൈഗർ ഗ്ലോബൽ തുടങ്ങിയ മുൻനിര നിക്ഷേപക സ്ഥാപനങ്ങൾ പലതും ഈ സ്റ്റാർട്ട്അപ്പിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.