നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച 16,376 ആയിരുന്നു ആദ്യ സപ്പോർട്ട് ആയി രേഖപ്പെടുത്തിയിരുന്നത്. 16,490 എന്ന സമ്മർദ മേഖല കടത്തിയെടുത്താൽ 16,701-16,780 നിലവാരത്തിലേക്കുള്ള സാധ്യതയും പ്രതീക്ഷിച്ചിരുന്നു. ഒപ്പംതന്നെ, നിഫ്റ്റിയിൽ തകർച്ച തുടരാനുള്ള സാധ്യതയെക്കാൾ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള സാധ്യതയാണ് കൂടുതൽ എന്നും പ്രതീക്ഷിച്ചിരുന്നു. 
കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയ 16,395 തന്നെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരവും. അന്നുതന്നെ 16,496-ൽ ക്ലോസ് ചെയ്ത് മുന്നേറ്റത്തിനുള്ള നിലപാട് നിഫ്റ്റി വ്യക്തമാക്കി. പിന്നീട്, ആഴ്ച അവസാനത്തോടെ 16,722 വരെയെത്തി 16,705-ൽ ക്ലോസ് ചെയ്യുകയായിരുന്നു. 
വരും ദിനങ്ങളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നു നോക്കാം. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സാമ്പത്തിക ഉത്തേജക പാക്കേജിന്റെ തോത് കുറയ്ക്കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ രണ്ടാഴ്ചകളിൽ വിപണിയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ വിശദീകരിച്ചത് ബോണ്ട് തിരിച്ചുവാങ്ങുന്നതിന്റെ തോത് കുറയ്ക്കുമെങ്കിലും പലിശനിരക്ക് വർധിപ്പിക്കുന്നതിനുള്ള സാധ്യത തീരെയില്ല എന്നാണ്. സെപ്റ്റംബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഫെഡ് ഇനി യോഗം കൂടുന്നത്. സാധാരണ ഗതിക്ക് ഡിസംബർ യോഗത്തിൽ മാത്രമാവും ഈ ഒരു തീരുമാനം എടുക്കാൻ സാധ്യത. 
ഇന്ത്യയിൽ വരുന്ന ചൊവ്വാഴ്ച മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) കണക്കുകൾ വരുന്നുണ്ട്. ഓഗസ്റ്റിലെ വില്പനയുടെ കണക്ക് ബുധനാഴ്ചയും സർവീസ് സെക്ടർ പി.എം.ഐ. ഡേറ്റ വെള്ളിയാഴ്ചയും വരും. 
ഇനി നിഫ്റ്റിയുടെ നിലവാരങ്ങൾ പരിശോധിക്കാം. നിഫ്റ്റിക്ക് വരും ദിനങ്ങളിൽ 16,604 നിലവാരമായിരിക്കും താഴെ ശ്രദ്ധിക്കേണ്ട ആദ്യ സപ്പോർട്ട്. ഈ നിലവാരം ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തുന്നത് മുന്നോട്ടുള്ള നീക്കത്തിന് പ്രധാനമാണ്. ഇത് നഷ്ടപ്പെട്ടാൽ 16,395 നിലവാരമാവും പിന്നീട് സപ്പോർട്ട് ആവുക. ഇതും നഷ്ടപ്പെട്ടാൽ നിഫ്റ്റിയുടെ തിരുത്തലിന് അത് കാരണമാവും.
ഇനി മുകളിലേക്ക് വരും ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ ഏതൊക്കെ എന്ന് നോക്കാം. 16,780 എന്ന മുൻ ടാർജറ്റ് ആണ് ആദ്യം ഇനി മുകളിൽ ശ്രദ്ധിക്കേണ്ട നിലവാരം. ഈ ടാർജറ്റ് ഓഗസ്റ്റ് ആദ്യയാഴ്ച 16,036 എന്ന മുൻ ലക്ഷ്യസ്ഥാനം നേടിയപ്പോൾ തന്നെ നൽകിയതാണ്. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യുന്നത് തുടർമുന്നേറ്റത്തിന് അവശ്യം വേണ്ടതാണ്. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യാനായാൽ പിന്നീട് നിർണായകമാവുക 16,917 ആണ്. ഇത് ആഴ്ച അവസാനം വരെ ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തേണ്ടതും തുടർമുന്നേറ്റത്തിന് ആവശ്യമാണ്.
(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത  ഇൻവെസ്റ്റ്മെന്റ്  അഡ്വൈസറുമാണ്  ലേഖകൻ)