പ്രതിസന്ധികൾ ഓരോന്ന് മുന്നിൽ വിളയാടുമ്പോഴും, തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറുന്ന വിപണിയെയാണ് കഴിഞ്ഞയാഴ്ചയും കണ്ടത്. ആദ്യ ദിവസങ്ങളിൽ ചെറുകിട - ഇടത്തരം ഓഹരികളിൽ വൻ തകർച്ച നേരിട്ടെങ്കിലും നിഫ്റ്റി അത് അറിഞ്ഞ മട്ട് കാണിച്ചില്ല. ബെയറുകൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമായി പോയി എന്നുതന്നെ പറയേണ്ടി വരും. 

തൊട്ട് മുൻ ആഴ്ച ക്ലോസ് ചെയ്ത 16,238-ൽനിന്ന്‌ ഈ ആഴ്ച 16,543 വരെയെത്തി 16,529-ൽ ആയിരുന്നു നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഈയാഴ്ച ഏറ്റവും കുറഞ്ഞ നിലവാരം പോലും 16,162 മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ ആദ്യ രണ്ട് ദിനങ്ങളിൽ ഉണ്ടായ രക്തച്ചൊരിച്ചിലിനോടു പോലും നിഫ്റ്റി എങ്ങനെയാണ് പ്രതികരിച്ചത് എന്നത് ഇതിൽനിന്ന്‌ ഏതാണ്ട് വ്യക്തം. 

ശക്തി കൂടിയ ഓഹരികൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞയാഴ്ചയും സൂചിപ്പിച്ചിരുന്നത് നിക്ഷേപകർ ഓർക്കുമല്ലോ. ഇനി മുന്നോട്ട് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം. 
കഴിഞ്ഞയാഴ്ച 16,529 എന്ന നിലവാരത്തിലായിരുന്നു നിഫ്റ്റി ക്ലോസ് ചെയ്തത്. 16,425 ആണ് വരും ദിവസങ്ങളിൽ താഴെ ശ്രദ്ധിക്കേണ്ട ആദ്യ സപ്പോർട്ട്. ഈ നിലവാരത്തിന് താഴേക്ക് ക്ലോസ് ചെയ്യുന്നത് ഒരു തിരുത്തലിന്റെ സാധ്യത തുറക്കും. 16,176 നിലവാരമാവും പിന്നീട് ആദ്യ സപ്പോർട്ട്. 16,090-15,945 നിലവാരങ്ങളാണ് ഇതിന് താഴെ ശക്തമായി നിലനിൽക്കുന്ന സപ്പോർട്ടുകൾ. 

ഇനി മുകളിലേക്ക് വരും ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ ഏതൊക്കെ എന്നു നോക്കാം. 16,610 നിലവാരമാണ് ഉയർന്ന തലത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട ആദ്യ സമ്മർദ രേഖ. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യുന്നത് മുന്നേറ്റം തുടരാനും പിന്നീട് അടുത്ത ലക്ഷ്യസ്ഥാനമായ 16,780 എത്തിപ്പിടിക്കാനുമാവും ശ്രമം. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യാൻ ഇടയായാൽ 16,917 ആവും പിന്നീട് ശ്രദ്ധിക്കേണ്ടത്. 

മുൻ ആഴ്ചകളിൽ പുറകോട്ട് നിന്നിരുന്ന എനർജി സെക്ടർ പുതിയ നീക്കവുമായി മുന്നോട്ടു വന്നിരിക്കുന്നത് നിഫ്റ്റിയിൽ ഇതുവരെ മുന്നോട്ടു നയിച്ചിരുന്ന ചില സെക്ടറുകൾക്ക് ക്ഷീണമകറ്റാൻ സമയം നൽകും. എനർജി സെക്ടർ ഇൻഡെക്സ് 19,677-ലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. 19,112 എന്ന സപ്പോർട്ട് നിലനിർത്തുകയാണെങ്കിൽ അടുത്ത നീക്കം ഈ ഇൻഡെക്സിൽ പ്രതീക്ഷിക്കുന്നത് 20,378-ലേക്കാണ്. ഓട്ടോമൊബൈൽ ഇൻഡെക്സ് ആണ് ഇപ്പോഴും മുന്നേറാത്തത്. അടുത്തയാഴ്ച ഇതിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത  ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമാണ്  ലേഖകൻ)