നിഫ്റ്റിക്ക് കഴിഞ്ഞയാഴ്ച, താഴെ 15,645 ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തേണ്ട സപ്പോർട്ട് ആയാണ് കണ്ടിരുന്നത്. ഉയർന്ന തലത്തിൽ 15,754 മുന്നോട്ടുള്ള യാത്ര തുടരാൻ ക്ലോസിങ് അടിസ്ഥാനത്തിലുള്ള ആദ്യ സമ്മർദ മേഖലയും 15,915 പിന്നീടുള്ള സമ്മർദ മേഖലയും ആയി വിലയിരുത്തിയിരുന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ 15,645 തന്നെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരം. ചൊവ്വാഴ്ചയോടെ ഉയർന്ന തലത്തിലെ ആദ്യ സമ്മർദ മേഖല ഭേദിച്ച് ക്ലോസ് ചെയ്യുകയും പിന്നീട് 15,900 നിലവാരത്തിലേക്ക് യാത്ര തുടരുകയും വെള്ളിയാഴ്ചയോടെ 15,952 വരെയെത്തി 15,923-ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇനി, മുന്നോട്ട് എന്തൊക്കെ പ്രതീക്ഷിക്കാമെന്നു പരിശോധിക്കാം.

ഒറ്റ നോട്ടത്തിൽ നിഫ്റ്റി വളരെ വലിയ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ വാരാന്തത്തിലെ ക്ലോസിങ് നിലവാരംകൊണ്ട് അനുമാനിക്കാമെങ്കിലും സാങ്കേതിക പഠനത്തിലെ ചില സൂചനകൾ നൽകുന്നത് കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നു തന്നെയാണ്. പിറകോട്ട് പിടിച്ചുവലിക്കാൻ ബെയറുകളും തയ്യാറെടുക്കുന്ന സൂചനകളാണ് ഈ പഠനങ്ങൾ നൽകുന്നത്. അതുകൊണ്ടുതന്നെ സാധ്യതകൾ രണ്ടും തുറന്നുതന്നെ ഇടാനാണ് ഞാൻ ഇഷ്ടപ്പെടുക. വരും ദിനങ്ങളിലെ അടുത്ത സമ്മർദ മേഖല 15,965-ലേതാണ്. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യാനാവുന്നത് നിഫ്റ്റിക്ക് മുന്നേറ്റം തുടരാനുള്ള സാധ്യതകളാണ് തുറന്നിടുക. 

16,036 എന്ന ലക്ഷ്യസ്ഥാനവും ഇവിടെ പ്രസക്തമാണ്. ജൂൺ ആദ്യവാരത്തിൽ നമ്മൾ നിശ്ചയിച്ച ലക്ഷ്യസ്ഥാനമാണ് 16,036. ഇതുകൂടി ഭേദിച്ച് ക്ലോസ് ചെയ്യാനായാൽ അത് മുൻപ് പറഞ്ഞ ബെയറുകളുടെ കുതന്ത്രങ്ങളുടെ കുന്തമുന ഒടിക്കുകയും മുന്നേറ്റം തുടരാനുള്ള ശക്തി ബുള്ളുകൾക്ക് നൽകുകയും ചെയ്യും.ഇനി താഴേക്ക് ശ്രദ്ധിക്കേണ്ട സപ്പോർട്ടുകൾ നോക്കാം. ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് 15,877 നിലവാരമാണ്. ഇതിനു താഴേക്ക് ക്ലോസ് ചെയ്യുന്നത് ബെയറുകൾക്കാവും ശക്തി നൽകുക. 

 പിന്നീട് ശ്രദ്ധിക്കേണ്ടത് 15,701 ആണ്. ഇതുകൂടി നഷ്ടപ്പെടുന്നത് നിഫ്റ്റിയെ 15,627-15,505-15,450 സപ്പോർട്ടുകളിലേക്ക് എത്തിക്കും. ഇതു വളരെ നിർണായകമായ മേഖല കൂടിയാണ്. ഇതു നഷ്ടപ്പെടാൻ ഇടയായാൽ ബുള്ളുകൾ അതിന് വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യും.

സാങ്കേതികമായി വളരെ നിർണായകമായ വ്യാപാര ദിനങ്ങളാണ് മുന്നിലുള്ളത്. ബെയറുകളുടെ കുതന്ത്രങ്ങളിൽ ബുള്ളുകൾ വീണുപോവുമോ എന്നതാവും ശ്രദ്ധിക്കേണ്ടത്.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും  സെബി അംഗീകൃത  ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമാണ്  ലേഖകൻ)