കൊച്ചി സ്വദേശിയായ ജിജി ഫിലിപ്പും സുഹൃത്തുക്കളായ അഭിലാഷ് വിജയൻ, ഹബീബ് റഹ്‌മാൻ എന്നിവരും ചേർന്ന് 2020 ഏപ്രിലിൽ ആദ്യ ലോക്ഡൗൺ കാലത്ത് വെറും ഒരു ലക്ഷം രൂപ മുതൽമുടക്കുമായി ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. മാസ്ക്, സാനിറ്റൈസർ തുടങ്ങിയ കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിപണി വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഓൺലൈനിലൂടെ ലഭ്യമാക്കിക്കൊണ്ടായിരുന്നു അത്. ഡയഗൺകാർട്ട് (diaguncart.com) എന്ന പേരിലുള്ള ഇ-കൊമേഴ്‌സ് സ്റ്റാർട്ട് അപ്പ് ആദ്യ വർഷംതന്നെ അര ലക്ഷം ഉപഭോക്താക്കളെയും 10 കോടി രൂപയുടെ വിറ്റുവരവും സ്വന്തമാക്കി.
കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്കു പുറമെ, കൃഷി അനുബന്ധ ഉത്പന്നങ്ങൾ, കായികോത്പന്നങ്ങൾ, സൗന്ദര്യവർധക ഉത്പന്നങ്ങൾ, ബേബി കെയർ ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും, ഉപഭോക്തൃ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ കൂടി ഒരു വർഷത്തിനുള്ളിൽ ലഭ്യമാക്കാൻ കഴിഞ്ഞു. 1,200-ഓളം ഉത്പന്നങ്ങളാണ് ഡയഗൺകാർട്ടിന്റെ ഉത്പന്ന വിതരണ ശ്രേണിയിലുള്ളത്. ഇടനിലക്കാരില്ലാതെ ഉത്പാദകരിൽനിന്ന് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കളിലെത്തിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ കഴിയുന്നതായി ഡയഗൺകാർട്ട് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ ജിജി ഫിലിപ്പ് പറഞ്ഞു.
രാജ്യത്തെ മുഴുവൻ പിൻകോഡിലും ഡെലിവറി ഉറപ്പാക്കിയിട്ടുള്ള കമ്പനി ഇപ്പോൾ ദക്ഷിണേന്ത്യയൊട്ടാകെ സാന്നിധ്യം ശക്തിപ്പെടുത്താനൊരുങ്ങുകയാണ്. ഉത്പന്ന ശ്രേണി വിപുലീകരിച്ചും കൂടുതൽ സ്ഥലങ്ങളിലേക്ക് ഡെലിവറി വ്യാപിപ്പിച്ചുകൊണ്ടും അടുത്ത സാമ്പത്തിക വർഷം 100-120 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യമിടുന്നതെന്ന് ജിജി ഫിലിപ്പ് വ്യക്തമാക്കി. നിലവിൽ തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റും ഓരോ സ്ഥലങ്ങളിലും ലഭ്യമായ സ്വകാര്യ കൂറിയർ സർവീസുകളും ഉപയോഗിച്ചാണ് ഡെലിവറി. ഉത്പന്ന വിതരണം മെച്ചപ്പെടുത്തുന്നതിനായി നൂതന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. വിദേശ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയ്ക്ക് ഇന്ത്യയിൽ കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഈ കേരള സ്റ്റാർട്ട്അപ്പാണ്.