കഴിഞ്ഞയാഴ്ച നിഫ്റ്റിയിൽ 15,608 ആയിരുന്നു താഴെ ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തേണ്ട സപ്പോർട്ട് ആയി കണ്ടിരുന്നത്. മുകളിലേക്ക് 15,900-ത്തിനടുത്ത് വില്പന സമ്മർദവും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഉടനീളം 15,608-നു മുകളിൽ ക്ലോസ് ചെയ്യിച്ചു നിലനിർത്തുന്നതിൽ ബുള്ളുകൾ വിജയിച്ചു. എന്നാൽ, 15,835 വരെ എത്തിപ്പെടാനേ അവർക്ക് ആയതുമുള്ളു. ഉയർന്ന തലത്തിൽ പല തവണ വില്പന സമ്മർദം കാണപ്പെടുകയും ചെയ്തതിനു ശേഷം ആഴ്ച അവസാനം 15,799-ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഇനി മുന്നോട്ട് എന്തൊക്കെ പ്രതീക്ഷിക്കാമെന്നു നോക്കാം. ഈ ആഴ്ചയിലെ പ്രധാന ശ്രദ്ധാകേന്ദ്രം, ബുധനാഴ്ച വരുന്ന യു.എസ്. ഫെഡറൽ റിസർവ് യോഗം തന്നെയാണ്. അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്താൻ തീരുമാനമുണ്ടായാൽ അത് അമേരിക്കൻ ഓഹരി വിപണിയിൽ സാരമായി തന്നെ പ്രതിഫലനമുണ്ടാക്കും. 35,039 എന്ന സമ്മർദരേഖ കടത്തിയെടുക്കാനാവാതെ കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഡൗ ജോൺസ് സമ്മർദത്തിലുമാണ്. അവിടെയൊരു തകർച്ച ഉണ്ടാവുന്നത് മറ്റ് ആഗോള വിപണികളെയും ബാധിക്കും. പ്രത്യേകിച്ച്, പണലഭ്യത കുറയ്ക്കുന്ന തീരുമാനങ്ങളുടെ പുറത്ത് ഉണ്ടായേക്കാവുന്ന തകർച്ച.
ഇന്ത്യയിലാകട്ടെ, നിഫ്റ്റിയിൽ വരും ദിനങ്ങളിൽ ഉയർന്ന തലത്തിൽ ശ്രദ്ധിക്കേണ്ട ആദ്യ സമ്മർദ മേഖല 15,852-ലേതാണ്. ഇതിനു മുകളിലേക്ക് വരും ദിവസങ്ങളിൽ ക്ലോസ് ചെയ്യാനായാൽ പിന്നീട് 16,036 എന്ന ലക്ഷ്യസ്ഥാനത്തേക്ക് നിഫ്റ്റിക്ക് നീങ്ങാനാവും. 
എന്നാൽ, സാധ്യത കൂടുതലും വിരൽചൂണ്ടുന്നത് ഈ മേഖലയ്ക്ക് അടുത്തുനിന്ന്‌ വില്പന സമ്മർദം നേരിടാനാണ്. അങ്ങനെയെങ്കിൽ താഴെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 15,567 എന്ന സപ്പോർട്ട് ആണ്. ഇത് നഷ്ടപ്പെടുത്തിയാൽ പിന്നെ 15,430-15,196 നിലവാരങ്ങൾക്കുള്ളിലേക്ക് തിരുത്തൽ തുടരാം. ഇതും നഷ്ടപ്പെടാൻ ഇടയായാൽ തിരുത്തൽ രൂക്ഷമാവുകയും ചെയ്യും.
ഇനി ആദ്യം പറഞ്ഞതുപോലെ ഉയർന്ന തലത്തിലെ സമ്മർദ മേഖല കടത്തിയെടുത്ത് 16,036-ലേക്ക് നീങ്ങാനായാൽ അത് നിഫ്റ്റിയെ 16,917-17,615 എന്നിങ്ങനെയുള്ള ഉയർന്ന ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ വഴിതുറക്കും. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ നീക്കങ്ങൾ ഏതാണ്ട് അവസാനിക്കുന്നതിനുള്ള ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഓഹരികളിൽ ഇനി മുന്നോട്ട് ലഭിക്കുന്ന നീക്കങ്ങൾ ലാഭമെടുക്കുന്നതിന് ഉപയോഗിക്കുന്നതാവും നല്ലത്. ലാർജ് ക്യാപ് ഓഹരികളിൽ തിരിച്ചുവരവിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊതുമേഖല ഓഹരികളിലെ മുന്നേറ്റവും തുടരാനുള്ള സാധ്യതകൾ തന്നെയാണ് പൊതുവിലുള്ളത്. ഐ.ടി., ഫാർമ കമ്പനികളും മുന്നേറ്റത്തിന് തുടക്കമിട്ടു കാണുന്നുണ്ട്.
(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)