ആഗോളവത്കരണം സംരംഭകർക്ക് അതിരുകളില്ലാത്ത വിപണി തുറന്നുകൊടുത്തുവെങ്കിലും ചില മേഖലകളിലെങ്കിലും അതിന് ഊർജം നൽകിയത് കൊറോണയുടെ വരവാണ്. കൊറോണ ആളുകളെ വീട്ടിലിരുത്തിയപ്പോൾ ബിസിനസിനും സേവന-ഉത്പന്നങ്ങൾ ആളുകളിൽ എത്തിക്കുന്നതിനും പുതിയ സങ്കേതങ്ങൾ ഉയർന്നുവന്നു. അതിൽ പ്രധാനമാണ് ലോജിസ്റ്റിക് ബിസിനസ്. ബിസിനസ് ചെയ്യാൻ ഇടങ്ങൾ വേണമെന്ന സങ്കല്പങ്ങളും പതിയെ ഇല്ലാതാകുകയാണ്.
ബിസിനസ് ചെയ്യുന്നതിനുള്ള അതിരുകളും ചുരുങ്ങി. ലോകത്തിന്റെ ഏതു കോണിൽനിന്നും ഏതു കോണിലേക്കും ബിസിനസ് ചെയ്യാമെന്നായി. അതിനുള്ള നൂലാമാലകൾ ഗണ്യമായി കുറയുകയും ചെയ്തു. എങ്കിലും രാജ്യത്തിനു പുറത്തേക്ക്‌ സേവനങ്ങളും ഉത്പന്നങ്ങളും നൽകുന്നതിനും അതേ പോലെ വിദേശത്തുനിന്നു സ്വീകരിക്കുന്നതിനും ചില അടിസ്ഥാന നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അതായത് അന്താരാഷ്ട്ര വിപണിയിൽ ബിസിനസ് ചെയ്യുന്നതിന് ഏറ്റവും ആവശ്യമായതാണ് ഇംപോർട്ടർ-എക്സ്‌പോർട്ടർ കോഡ്. ഐ.ഇ.സി. എന്ന ചുരുക്കപ്പേരിൽ ഇതറിയപ്പെടുന്നു. നിശ്ചിത നിലവാരത്തിൽ ബിസിനസ് വളർത്തുന്നതിന് ഇതാവശ്യമാണ്.

എന്താണ് ഐ.ഇ.സി.?

കയറ്റിറക്കുമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ നിർബന്ധമായും എടുത്തിരിക്കേണ്ട ഒന്നാണിത്. അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയിട്ടുള്ള  പത്ത് പ്രതീകങ്ങൾ അടങ്ങിയതാണ് ഈ കോഡ്. കയറ്റിറക്കുമതി പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ (കമ്പനി, പ്രൊപ്രൈറ്റർ, എൽ.എൽ.പി. തുടങ്ങിയവ) ഐഡന്റിറ്റിയാണ് ഐ.ഇ.സി. ഇത് പാനിന് തുല്യമാണ്.

ഐ.ഇ.സി. കോഡിനുള്ള അപേക്ഷ

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി.) ആണ് ഐ.ഇ.സി. നൽകുന്നത്. ഇലക്‌ട്രോണിക് ഫോമിലാണ് (ഇ-ഐ.ഇ.സി.) കോഡ് ഇഷ്യു ചെയ്യുന്നത്.

ആർക്കൊക്കെ?

അന്താരാഷ്ട്ര വിപണിയിൽ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും  കമ്പനിയും ഐ.ഇ.സി. എടുക്കണം (ഇതിന് ചില ഒഴിവുകളുമുണ്ട്).

പ്രയോജനങ്ങൾ എന്തൊക്കെയാണ്?

ഡി.ജി.എഫ്.ടി., കസ്റ്റംസ്, എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ തുടങ്ങിയവയിൽനിന്നുള്ള കയറ്റിറക്കുമതി ആനുകൂല്യങ്ങൾ കമ്പനികൾക്കും മറ്റും ലഭിക്കുന്നത് ഐ.ഇ.സി.യുടെ അടിസ്ഥാനത്തിലാണ്.

പ്രൊപ്രൈറ്റർഷിപ്പിന് കോഡ് എടുക്കാമോ?

കയറ്റിറക്കുമതിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊപ്രൈറ്റർഷിപ് സ്ഥാപനങ്ങൾക്ക് കോഡ് എടുക്കാം.

ഐ.ഇ.സി. എടുക്കാൻ ആവശ്യമായ രേഖകൾ  എന്തൊക്കെയാണ്?

സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ഇൻകോർപ്പറേഷൻ എന്നിവയുടെ തെളിവ്.
വിലാസം തെളിയിക്കുന്ന രേഖ. ഇതിനായി സെയിൽ ഡീഡ്, വാടക കരാർ, പാട്ടക്കരാർ, വൈദ്യുതി ബിൽ, ടെലിഫോൺ ലാൻഡ് ലൈൻ ബിൽ, മൊബൈൽ പോസ്റ്റ്‌പെയ്ഡ് ബിൽ, ധാരണാപത്രം, പങ്കാളിത്ത ഡീഡ് എന്നിവയിലേതെങ്കിലും മതിയാകും. വിലാസത്തെളിവ്  രേഖ അപേക്ഷ നൽകുന്ന സ്ഥാപനത്തിന്റെ പേരിലല്ലെങ്കിൽ, സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻ.ഒ.സി.) വിലാസവും തെളിവും സഹിതം ഒരൊറ്റ രേഖയായി സമർപ്പിച്ചാൽ മതി.
സ്വീകാര്യമായ മറ്റ് രേഖകൾ (പ്രൊപ്രൈറ്റർഷിപ്പിന് മാത്രം): ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐ.ഡി. എന്നിവ.
സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ തെളിവ്  (റദ്ദാക്കിയ ചെക്ക് അല്ലെങ്കിൽ ബാങ്ക് സർട്ടിഫിക്കറ്റ്).
അപേക്ഷകന്റെ പാൻ കാർഡ്.

മറ്റ് വ്യവസ്ഥകൾ എന്തൊക്കെയാണ്?

ആധാറും മൊബൈലും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം. അല്ലെങ്കിൽ അപേക്ഷിക്കുന്ന വ്യക്തിയുടെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പുതിയ ഐ.ഇ.സി. സർട്ടിഫിക്കറ്റ് നൽകാൻ 

എത്ര സമയമെടുക്കും?

സാധാരണ ഒരു ദിവസമാണ് എടുക്കുക.
ഐ.ഇ.സി. എടുക്കുന്നവർ നിർബന്ധമായി 

പാലിക്കേണ്ട കാര്യങ്ങൾ ഉണ്ടോ?

ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ചുവടെ 
പറയുന്നവ വർഷംതോറും പാലിച്ചിരിക്കണം.
എല്ലാ വർഷവും ഏപ്രിൽ-ജൂൺ കാലയളവിൽ  ഐ.ഇ.സി.യിലെ വിവരങ്ങൾ ഇലക്‌ട്രോണിക്കായി പുതുക്കണം. ഐ.ഇ.സി. എടുക്കാൻ നൽകിയിട്ടുള്ള വിവരങ്ങളിൽ മാറ്റമൊന്നുമില്ലെങ്കിൽ അതു ഓൺലൈനിൽ ശരിവയ്ക്കണം.
എല്ലാ വർഷവും നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ പുതുക്കുന്നില്ലെങ്കിൽ ഐ.ഇ.സി. കോഡ് നിർജീവമാക്കും. വിവരങ്ങൾ നൽകിക്കഴിയുമ്പോൾ അവ സജീവമാക്കും. വിദേശ വ്യാപാര നയത്തിനു വിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ല എന്ന ഉത്തമ വിശ്വാസത്തിലായിരിക്കും ഐ.ഇ.സി. വീണ്ടും സജീവമാക്കുക.
ഐ.ഇ.സി. പരിശോധനയ്ക്കു വിധേയമാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഐ.ഇ.സി. ഉടമകൾ അതു പരിഹരിച്ചുവെന്ന് ഉറപ്പാക്കണം. ഇതിൽ പരാജയപ്പെട്ടാൽ കോഡ് നിർജീവമാക്കും.
(ഫിൻസർ എന്ന ഫിൻടെക് സ്റ്റാർട്ട് അപ്പിന്റെ പാർട്ണറാണ് ലേഖകൻ)