: രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പ് വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവെക്കുന്നു. അടുത്ത വർഷം കമ്പനിയുടെ ആദ്യ ഇലക്‌ട്രിക് ടൂവീലർ വിപണിയിലെത്തും.
ജയ്‌പുരിലുള്ള പ്ലാന്റിൽനിന്നായിരിക്കും ഇതിന്റെ ഗവേഷണവും വികസനവും. ജർമനിയിലെ ഗവേഷണ-വികസന കേന്ദ്രത്തിന്റെ പിന്തുണയുമുണ്ടാകും. ബാറ്ററി സ്വാപ്പിങ്ങിനായി തയ്‌വാനിലെ ‘ഗോഗോറോ’ എന്ന കമ്പനിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നുണ്ട്. സ്വന്തം ഉത്പന്നങ്ങൾക്ക് പുറമെ ഗോഗോറോയുടെ ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ഹീറോ ബ്രാൻഡിൽ അവതരിപ്പിച്ചേക്കും. ബെംഗളൂരു ആസ്ഥാനമായ ‘ഏഥർ എനർജി’ എന്ന ഇലക്‌ട്രിക് വാഹന സ്റ്റാർട്ട്അപ്പിൽ നേരത്തെ ഹീറോ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ ഒതുങ്ങാതെ സ്വന്തം ബ്രാൻഡിൽ തന്നെ ഇലക്‌ട്രിക്‌ ഇരുചക്ര വാഹനങ്ങൾ വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വിപുലമായ ഉത്പന്ന ശ്രേണിയാണ് ഇലക്‌ട്രിക് മോഡലുകളിൽ കമ്പനി ലക്ഷ്യമിടുന്നത്.