ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായ ‘ടിൻഡറി’ന്റെ ഫൗണ്ടിങ് ടീമിലുണ്ടായിരുന്നയാളാണ് വൈറ്റ്‌നി വോൾഫ് ഹേഡ്. യു.എസിലെ സാൾട്ട്‌ലേക്‌ സിറ്റിയിലെ ഒരു സമ്പന്ന 
കുടുംബത്തിൽ ജനിച്ച അവർപഠനശേഷം കുറച്ചുകാലം തെക്ക് കിഴക്കൻ ഏഷ്യയിലെ ഏതാനും അനാഥാലയങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് യു.എസിൽ തിരിച്ചെത്തി, ന്യൂയോർക്കിലെ ഒരു സ്റ്റാർട്ട്അപ്പ് ഇൻക്യുബേഷൻ കേന്ദ്രത്തിൽ പ്രവർത്തിച്ചു.
അപ്പോഴാണ് ‘കാർഡിഫൈ’എന്ന സ്റ്റാർട്ട്അപ്പിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. പക്ഷേ,  പ്രാരംഭഘട്ടത്തിൽ തന്നെ അത് പൊളിഞ്ഞു. ആ സംഘം ഡേറ്റിങ് സ്റ്റാർട്ട്അപ്പ് കെട്ടിപ്പടുത്തപ്പോൾ അതിന്റെയും ഫൗണ്ടിങ് ടീമിൽ വൈറ്റ്‌നിയുണ്ടായിരുന്നു. 

അവരുടെ ആപ്പിന് ‘ടിൻഡർ’എന്ന പേരിട്ടത് വൈറ്റ്‌നിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ടിൻഡർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായി വളർന്നു. പക്ഷേ, ഇതിനിടെ, കമ്പനിയിൽ ആഭ്യന്തര കലാപങ്ങൾ ഉടലെടുത്തിരുന്നു. അതിൽ സഹികെട്ട് വൈറ്റ്‌നി 2014-ൽ പടിയിറങ്ങി.

 ലൈംഗികാരോപണം ഉൾപ്പെടെ ഉന്നയിച്ചായിരുന്നു വൈറ്റ്‌നിയുടെ പടിയിറക്കം. ഈ കേസിൽ 10 ലക്ഷം ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു. അപ്പോഴാണ് താൻ പുതുതായി തുടങ്ങുന്ന സംരംഭത്തിലേക്ക് റഷ്യൻ സംരംഭകനായ ആൻഡ്രേ ആൻഡ്രീവ്, വൈറ്റ്‌നിയെ ക്ഷണിക്കുന്നത്. അദ്ദേഹവുമായി ചേർന്നാണ് ‘ബമ്പിൾ’ എന്ന പേരിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള ഡേറ്റിങ് ആപ്പ് 2014 ഡിസംബറിൽ വൈറ്റ്‌നി അവതരിപ്പിച്ചത്. ആറു വർഷത്തിനുള്ളിൽ യൂസേഴ്‌സിന്റെ എണ്ണം 10 കോടി കടന്നു.

2021-ൽ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയായതോടെ, ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരായ അതിസമ്പന്നരിൽ ഒരാളായി വൈറ്റ്‌നി വോൾഫ് ഹേഡ് എന്ന 31-കാരി മാറി. ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് 130 കോടി ഡോളർ ആണ് അവരുടെ ആസ്തിമൂല്യം. അതായത്, 9,750 കോടി രൂപ. സ്വന്തം നിലയിൽ വളർന്ന ശതകോടീശ്വരി എന്നാണ് ഫോബ്‌സ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.