നിഫ്റ്റി കഴിഞ്ഞയാഴ്ച 14,416 എന്ന താഴ്ന്ന നിലവാരത്തിൽ തുടങ്ങി, 14,863 എന്ന ഏറ്റവും ഉയർന്ന നിലവാരത്തിൽ ആഴ്ച അവസാനം എത്തി, 14,823-ൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
നിഫ്റ്റിയുടെ ഇപ്പോഴത്തെ ബുള്ളിഷ് നീക്കം പ്രധാനപ്പെട്ട രണ്ട് സമ്മർദ മേഖലയ്ക്ക് അടുത്തേക്കാണ് എത്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനു മുമ്പായി ഏറ്റവും അടുത്ത സപ്പോർട്ട് ഏതെന്ന് പരിശോധിക്കാം. നിഫ്റ്റിയുടെ ഡേ ചാർട്ടിൽ കാണപ്പെടുന്ന ആദ്യ സപ്പോർട്ട് 14,756 നിലവാരത്തിലേതാണ്. വരും ദിനങ്ങളിൽ ഇതു പിടിച്ചുനിർത്തുക എന്നതാവും മുന്നോട്ടുള്ള പ്രയാണത്തിൽ ബുള്ളുകൾ ആദ്യം ശ്രമിക്കുക. ഇതിനു താഴേക്ക് ക്ലോസ് ചെയ്യുന്നത് നിഫ്റ്റിയെ 14,651-14,598-14,467 സപ്പോർട്ടുകളുടെ ശക്തി പരീക്ഷണങ്ങളിലേക്ക് തള്ളിവിടും.  

ഇനി മുകളിലേക്കുള്ള സാധ്യതകൾ പരിശോധിക്കാം. 15,044 നിലവാരമാണ് നിഫ്റ്റിയിൽ ആദ്യ പ്രതിരോധ നില. ഇപ്പോഴത്തെ നീക്കത്തിന് 15,071-ലേക്ക് ലക്ഷ്യം കാണുന്നുവെന്നത് ഒരുപക്ഷേ ഒരു സൂചനയുമാവാം. ഇത് രണ്ട് നിലവാരവും ഭേദിച്ചാലും 15,172 എന്ന ശക്തമായ സമ്മർദ രേഖ (കഴിഞ്ഞ ഫെബ്രുവരിയിൽ സൂചിപ്പിച്ച അതേ സമ്മർദ രേഖ) ഇപ്പോഴും കനത്ത വെല്ലുവിളി തന്നെയാണ് ബുള്ളുകൾക്കു മുന്നിൽ െവക്കുന്നത്. ഇത് ഭേദിക്കാനായി ഏതാണ്ട് 1,000 പോയിന്റിലധികം താഴേക്ക് പോയി ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ് നിഫ്റ്റി. ഈ നീക്കത്തിൽ 15,172-നു മുകളിലേക്ക് ഒരു വീക്കിലി ക്ലോസിങ് നടത്താൻ നിഫ്റ്റിക്ക് ആയാൽ പിന്നീട് ശക്തമായ മുന്നേറ്റം തന്നെ വിപണിയിൽ പ്രതീക്ഷിക്കുകയും ചെയ്യാം. ഏതാണ്ട് 16,917 നിലവാരത്തിലേക്ക്, അതായത് ഇവിടെ നിന്ന്‌ 2,000 പോയിന്റിലധികം റാലി പിന്നീട് പ്രതീക്ഷിക്കാം.

നിഫ്റ്റിയിൽ ഇത്തവണ മുന്നേറ്റം പ്രകടമാക്കുന്ന പ്രധാന മേഖലകൾ ഓട്ടോമൊബൈൽ, കമ്മോഡിറ്റി, എനർജി, മെറ്റൽ, ഫാർമ, പബ്ലിക് സെക്ടർ എന്നിവയാണ്. പ്രധാന സമ്മർദ രേഖയ്ക്ക്‌ തൊട്ടുതാഴെ വന്നു നിൽക്കുന്ന ബാങ്കിങ്, ഐ.ടി. എന്നിവയുടെ നിലപാടും വരും ദിവസങ്ങളിൽ നിർണായകമാവും. ഇപ്പോൾ വൻ മുന്നേറ്റം നടത്തുന്ന മെറ്റൽ പോലുള്ള മേഖലകളിലെ സാങ്കേതിക തിരുത്തലും, ഒപ്പം സമ്മർദ മേഖലയ്ക്ക് തൊട്ടു താഴെ നിൽക്കുന്ന മറ്റ് മേഖലാ ഓഹരികളും താഴേക്ക് പോവാനാണ് വരും ദിനങ്ങളിൽ തീരുമാനമെടുക്കുന്നതെങ്കിൽ ഈ നീക്കവും ബുള്ളുകൾക്ക് പാഴ് നീക്കമാവും.

അമേരിക്കൻ സൂചികയായ ഡൗ ജോൺസ് 34,967 എന്ന ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്ത് എത്തിനിൽക്കുന്നു. 35,039-നു മുകളിലേക്ക് ഈയാഴ്ച അവസാനം ക്ലോസിങ് എത്തിക്കാനാവുക എന്നത് അവിടെയും നിർണായകമാണ്. വളരെ പ്രാധാന്യമുള്ള വ്യാപാര ദിനങ്ങളാണ് നമ്മുടെ മുന്നിൽ ഇപ്പോഴുള്ളത്, ഒപ്പം ആഗോള വിപണിയിലും.
(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്മെന്റ്  അഡ്വൈസറുമാണ്  ലേഖകൻ)