കോവിഡ് വ്യാപനത്തോടെ ചലച്ചിത്രക്കാഴ്ച ഒ.ടി.ടി. (ഓവർ ദി ടോപ്) എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ഏതാണ്ട് പൂർണമായി മാറിയിരിക്കുകയാണ്. ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെയുണ്ടെങ്കിലും 2020-ൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഇത് ജനപ്രിയമായത്. ‘സൂഫിയും സുജാതയും’എന്ന ചിത്രത്തിന്റെ റിലീസോടെ മലയാളികൾക്കും ഇത്തരം പ്ലാറ്റ്ഫോമുകൾ സുപരിചിതമായി. ബഹുരാഷ്ട്ര കമ്പനികൾ അരങ്ങുവാഴുന്ന ഈ വ്യവസായത്തിലേക്ക് ഒരു മലയാളി സ്റ്റാർട്ട് അപ്പ് കൂടി വിപണി പിടിക്കുകയാണ്.

മിക്ക ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും മാസംതോറും പണമടച്ചാലേ ചിത്രങ്ങൾ കാണാനാകൂ. ഈ പ്രശ്നത്തിന് പരിഹാരമേകുകയാണ് യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓലിഫ്ളിക്സ്’ എന്ന മലയാളി സംരംഭം. കാണുന്ന ചലച്ചിത്രത്തിനോ വീഡിയോയ്ക്കോ മാത്രം പണമടച്ചാൽ മതിയെന്നതാണ് ഓലിഫ്ളിക്സിനെ മറ്റ്‌ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. 

വെർച്വൽ തിയേറ്റർ പോലെയാണ് ഇത്. പണം കൊടുത്തു വാങ്ങുന്ന ചിത്രം ആറു മണിക്കൂറിനുള്ളിൽ കണ്ടുതുടങ്ങി, 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാൽ മതി.  
യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ഐ.ടി. സംരംഭകൻ സലിൽ ശങ്കരനും ചലച്ചിത്ര നിർമാതാവ് സുരേഷ് രാജും ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യു.എസിൽ ‘ആംപ്കസ്’ എന്ന ഐ.ടി. കമ്പനി ഉൾപ്പെടെ ഒട്ടേറെ വ്യവസായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സലിൽ ശങ്കരനാണ് ഓലിഫ്ളിക്സിന്റെ ചെയർമാൻ. ‘അനിയൻകുഞ്ഞും തന്നാലായതും’ എന്ന ചലച്ചിത്രം നിർമി ച്ചിട്ടുണ്ട് ഇദ്ദേഹം.

തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര നിർമാതാവ് സുരേഷ് രാജാണ് സി.ഇ.ഒ. ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് സുരേഷ്.
ഇന്ത്യൻ ചിത്രങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, യു.എസ്. തുടങ്ങിയ ഇടങ്ങളിൽ വിപണി കണ്ടെത്തിക്കൊടുക്കുകയാണ് ഓലിഫ്ളിക്സിന്റെ ലക്ഷ്യമെന്ന് കോ-ഫൗണ്ടറും ചെയർമാനുമായ സലിൽ ശങ്കരൻ പറഞ്ഞു. എല്ലാ വർഷവും ഏഴോ എട്ടോ മുൻനിര പ്രാദേശിക ഭാഷാ ചിത്രങ്ങൾ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ബംഗാളി, ഹിന്ദി തുടങ്ങി ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ചിത്രങ്ങളൊക്കെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജയസൂര്യ അഭിനയിച്ച ‘വെള്ളം’ എന്ന ചിത്രം ഓലിഫ്ളിക്സിലൂടെയാണ് വിദേശങ്ങളിൽ റിലീസ് ചെയ്തത്. ഇത് വൻ വിജയമായി. ഇതോടെ, കൂടുതൽ ചിത്രങ്ങളുടെ നിർമാതാക്കളുമായി ചർച്ച നടത്തിവരികയാണെന്ന് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ സുരേഷ് രാജ് പറഞ്ഞു.

Olyflix.com എന്ന വെബ്സൈറ്റ് വഴിയും ഫയർ ടി.വി., ആൻഡ്രോയ്ഡ് ടി.വി., ആപ്പിൾ ടി.വി. പോലുള്ളവ വഴിയും ഐഫോൺ, ആൻഡ്രോയ്ഡ് ഡിവൈസുകളിലൂടെയും ചിത്രങ്ങൾ കാണാനാകും. 
ഈ വെബ്സൈറ്റ് ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയും തിയേറ്റർ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിർമാതാക്കൾ തയ്യാറാണെങ്കിൽ ഇന്ത്യയിൽക്കൂടി റിലീസ് ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഇരുവരും. അങ്ങനെ, ഇന്ത്യൻ ചലച്ചിത്ര നിർമാണ-വിതരണ രംഗത്തിന് ആശ്വാസമേകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും വ്യക്തമാക്കി.