കൊച്ചി: ആദായനികുതി പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധനമന്ത്രാലയം ഇൻഫോസിസിന് അനുവദിച്ച സമയം ബുധനാഴ്ചയോടെ അവസാനിച്ചു. പോർട്ടലിലെ പ്രശ്നങ്ങൾ ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് നികുതിദായകരും ടാക്സ് പ്രൊഫഷണലുകളും അറിയിക്കുന്നത്. അതേസമയം, മുൻപത്തെ അപേക്ഷിച്ച് പോർട്ടലിലെ ചില ഫീച്ചറുകൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും കുറച്ചുകൂടി ആയാസരഹിതമായിട്ടുണ്ടെന്നും അവർ പറയുന്നു.

എന്നാൽ, റെക്ടിഫിക്കേഷൻ റിട്ടേൺ, കമ്പനി റിട്ടേൺ എന്നിവ ഫയൽ ചെയ്യാൻ സാധിക്കുന്നില്ല. മാത്രമല്ല, സാങ്കേതിക പിഴവുകൾ ഇനിയും ഉണ്ടായേക്കുമോ എന്ന ആശങ്കയിൽ റിട്ടേൺ ഫയൽ ചെയ്യാൻ ഭയക്കുന്നവരും ഏറെയാണ്.

ജൂൺ എട്ടിനാണ് പുതിയ ആദായനികുതി പോർട്ടൽ പ്രവർത്തനം ആരംഭിച്ചത്. അന്നുമുതൽ നികുതിദായകർ സാങ്കേതികമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതു സംബന്ധിച്ച പരാതികൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ധനമന്ത്രി നിർമല സീതാരാമൻ ഇൻഫോസിസിന് സെപ്റ്റംബർ 15 വരെ സമയം അനുവദിച്ചത്.

ഐ.ടി. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം കൃത്യമായി റിട്ടേൺ ഫയൽ ചെയ്യാൻ നികുതിദായകർക്ക് കഴിഞ്ഞിരുന്നില്ല. ജൂലായ് 31 വരെയായിരുന്നു ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് നേരത്തെ സമയം അനുവദിച്ചിരുന്നത്. നിലവിൽ ഇത് ഡിസംബർ 31 വരെ നീട്ടിയെങ്കിലും ജൂലായ് 31-നു ശേഷം റിട്ടേൺ സമർപ്പിക്കുന്നവരിൽനിന്ന്‌ ഒരു ശതമാനം പലിശ ഈടാക്കുന്നുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവിന് നികുതിദായകർക്ക് പിഴ ചുമത്തുന്ന നടപടിയാണിതെന്നാണ് ആക്ഷേപം.

Content Highlights: infosys, Income Tax website