കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ രാജിവെച്ചു. 2022 ഡിസംബർ എട്ടിനാണ് കാലാവധി അവസാനിക്കുന്നതെങ്കിലും മാർച്ച് അവസാനത്തോടെ ഒഴിയാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ശനിയാഴ്ച ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകരിക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നേരത്തെ ഒഴിയുന്നത്.

ഒരു ശസ്ത്രക്രിയയുള്ളതിനാൽ കുറച്ചുകാലം വിശ്രമം ആവശ്യമാണെന്നും അത്രയുംകാലം മാറിനിൽക്കുന്നത് ശരിയല്ലാത്തതിനാലാണ് നേരത്തെതന്നെ ഒഴിയാൻ സന്നദ്ധത അറിയിച്ചതെന്നും സി.വി.ആർ. രാജേന്ദ്രൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

നിലവിൽ സി.എസ്.ബി. ബാങ്കിന്റെ പ്രസിഡന്റ് (റീട്ടെയിൽ, എസ്.എം.ഇ., ഓപ്പറേഷൻസ്, ഐ.ടി.) ആയ പ്രളയ് മണ്ഡൽ ആയിരിക്കും പുതിയ എം.ഡി. എന്നാണ് സൂചന. ആക്സിസ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന പ്രളയ്, 2020 സെപ്റ്റംബറിലാണ് സി.എസ്.ബി.യിലെത്തിയത്.

സ്ഥാനമൊഴിയുന്ന രാജേന്ദ്രൻ, 2016 ഡിസംബറിലാണ് സി.എസ്.ബി. ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. മൂന്നു വർഷത്തെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് 2019-ൽ പുനർനിയമിതനായി. ആന്ധ്ര ബാങ്കിന്റെ ചെയർമാനായും മാനേജിങ് ഡയറക്ടറും, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഓഫ് ഇന്ത്യ (ആംഫി)യുടെ സി.ഇ.ഒ. എന്നീ നിലകളിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.

പഴയതലമുറ സ്വകാര്യ ബാങ്കായിരുന്ന സി.എസ്.ബി.യെ സുസ്ഥിര വളർച്ചയിലൂടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തമായ ബാങ്കുകളുടെ നിരയിലേക്ക് വളർത്തിയ രാജേന്ദ്രൻ, ബാങ്കിന്റെ പ്രഥമ ഓഹരിവില്പന (ഐ.പി.ഒ.) വിജയകരമായി പൂർത്തിയാക്കുന്നതിനും നേതൃത്വം നൽകി.

ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്‌സയുടെ ഫെയർഫാക്സിൽ നിന്ന് 51 ശതമാനം ഓഹരിക്കു പകരമായി ബാങ്ക് 1,208 കോടി രൂപ സമാഹരിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തുടർച്ചയായി നഷ്ടത്തിലായിരുന്ന സി.എസ്.ബി. ബാങ്കിനെ ലാഭത്തിലേക്ക് നയിക്കുകയും ചെയ്തു.

content highlights: csb managing director resigns