ലണ്ടൻ: അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിെവച്ചിട്ടത് ആഗോള എണ്ണവിലയിൽ ഉടൻതന്നെ വൻ പ്രത്യാഘാതമുണ്ടാക്കി. അസംസ്‌കൃത എണ്ണവില ബാരലിന് മൂന്നു ശതമാനത്തിലേറെ കുതിച്ചുയർന്നു. ഇതോടെ വില 63 ഡോളറിനു മുകളിലെത്തി.

ഇറാനും അമേരിക്കയും തമ്മിൽ യുദ്ധത്തിന് അരങ്ങൊരുങ്ങിയേക്കുമെന്ന സന്ദേഹമാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്. അടുത്ത പണനയ യോഗത്തിൽ അമേരിക്കയുടെ കേന്ദ്ര ബാങ്കായ യു.എസ്. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് സൂചനയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഉപഭോഗ രാഷ്ട്രമായ യു.എസിൽ ഇത് വളർച്ചയുണ്ടാക്കുമെന്ന് കരുതുന്നു. ഇതിനൊപ്പം, അമേരിക്കയിൽ അസംസ്‌കൃത എണ്ണയുടെ ലഭ്യതയിൽ ഇടിവുണ്ടാകുമെന്ന റിപ്പോർട്ടുകളും വിലയിൽ കുതിപ്പുണ്ടാക്കി.

ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയും അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരത്തർക്കവും മൂലം കഴിഞ്ഞ ആഴ്ചകളിൽ എണ്ണവില വൻതോതിൽ കുറഞ്ഞിരുന്നു. ഏപ്രിലിൽ 75 ഡോളർ വരെ എത്തിയ വിലയാണ് 60 ഡോളറിന് താഴേക്ക് പതിച്ചത്. ആ നിലയിൽ നിന്നാണ് ഇപ്പോഴത്തെ തിരിച്ചുകയറ്റം.

വില ഉയരുന്നത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയാണ്. ഇന്ധനവില ഉയരുന്നതിനൊപ്പം വ്യാപാര കമ്മിയും വർധിക്കും.

അതിനിടെ, എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്’ പ്രതിനിധികൾ ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ എണ്ണവില, എണ്ണ ഉത്പാദനം എന്നിവ വിലയിരുത്താൻ യോഗം ചേരുന്നുണ്ട്. റഷ്യയും യോഗത്തിനെത്തും. പ്രതിദിനം 12 ലക്ഷം ബാരലിന്റെ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം തുടരാനാണ് സാധ്യത. വിലയിടിവ് പിടിച്ചുനിർത്താനായാണ് ജൂൺ അവസാനം വരെ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചിരുന്നത്.