മുംബൈ: രാജ്യത്ത് അസംസ്കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കുതിച്ചുയരുന്നു. കോവിഡിനുശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പെട്രോൾ - ഡീസൽ അടക്കമുള്ള ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിച്ചതാണ് ഇതിനു പ്രധാന കാരണം. ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും തിരിച്ചടിയാകുന്നു. നികുതി വരുമാനം ഉയർന്നിട്ടുണ്ടെങ്കിലും വരവും ചെലവും നിയന്ത്രിച്ച്‌ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ ഇത് കേന്ദ്രസർക്കാരിന് വെല്ലുവിളിയായേക്കും.

കഴിഞ്ഞ സാമ്പത്തികവർഷം കോവിഡ് ലോക്‌ഡൗൺ നിലനിന്നിരുന്നതിനാൽ ഉപയോഗം കുറവായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുകയും ചെയ്തു. ഇതുരണ്ടും പെട്രോളിയം ഇറക്കുമതിച്ചെലവ് കുറയാൻ സഹായകമായിരുന്നു. എന്നാൽ ഇത്തവണ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചുമാസം 4,200 കോടി ഡോളർ ആണ് (3.16 ലക്ഷം കോടി രൂപ) അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കായി ചെലവായത്. കഴിഞ്ഞവർഷം ഇതേകാലത്തിത് 1,800 കോടി ഡോളർ (1.36 ലക്ഷം കോടി രൂപ) മാത്രമായിരുന്നു.

അസംസ്കൃത എണ്ണയുടെ വിലയിൽ ഇക്കാലത്ത് 40 ശതമാനംവരെ വർധനയുണ്ടായി. ബാരലിന് 60 ഡോളറായിരുന്നത് 85 ഡോളറിലെത്തി നിൽക്കുന്നു. രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യം വർധിക്കുന്നതിനിടയിലാണ് വിലവർധനയെന്നത് വലിയ തിരിച്ചടിയാണ്. പെട്രോൾ - ഡീസൽ ഉപഭോഗം കോവിഡിനു മുമ്പുണ്ടായിരുന്ന നിലവാരത്തിലും അധികമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷം റെക്കോഡ് തുക പെട്രോളിയം ഇറക്കുമതിക്ക് ചെലവിടേണ്ടിവരുമെന്നാണ് സൂചനകൾ. ഇത് രാജ്യത്തെ വ്യാപാരക്കമ്മി ഉയരാനും കാരണമായേക്കാം.

ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ 838 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇതേകാലത്ത് 740 ലക്ഷം ടൺ ആയിരുന്നു. ഓഗസ്റ്റിൽ മാത്രം 174 ടൺ എണ്ണ ഇറക്കുമതി ചെയ്തു. 910 കോടി ഡോളറാണ് ചെലവ്. 2020 ഓഗസ്റ്റിൽ 169 ലക്ഷം ടൺ ഇറക്കുമതി ചെയ്യാൻ 550 കോടി ഡോളർ ആണ് വേണ്ടിവന്നത്. 2020 -21 സാമ്പത്തിക വർഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് 6,270 കോടി ഡോളർ ആയിരുന്നു. ഇത്തവണ വരുംമാസങ്ങളിൽ ഇതു മറികടന്നേക്കും. രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പി.യുടെ 6.8 ശതമാനത്തിൽ നിലനിർത്താനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് ധനക്കമ്മി നിലനിർത്തുക കേന്ദ്രസർക്കാരിന് കടുത്ത വെല്ലുവിളിയായേക്കാം.