നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള പുതിയ വേനല്‍ക്കാല വിമാനസമയക്രമം പ്രഖ്യാപിച്ചു. ഇക്കാലത്ത് ഡല്‍ഹിയിലേക്കും തിരുവനന്തപുരത്തേയും കൂടുതല്‍ സര്‍വീസുകളുണ്ട്. കൊല്‍ക്കത്തയിലേക്ക് നേരിട്ടുള്ള സര്‍വീസും പട്ടികയിലുണ്ട്.

അന്താരാഷ്ട്ര മേഖലയില്‍ ഇരുപതും ആഭ്യന്തര മേഖലയില്‍ അഞ്ചും വിമാനക്കമ്പനികളാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ശീതകാല സമയപ്പട്ടികയില്‍ ആഴ്ചയില്‍ 1,280 സര്‍വീസുകളുണ്ടായിരുന്നത് 1,314 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിലേക്ക് നേരിട്ട് ഏഴും മുംബൈ വഴി ഏഴും സര്‍വീസുകള്‍ പുതുതായുണ്ട്. ജയ്പുരിലേക്ക് അഹമ്മദാബാദ് വഴി ഏഴു സര്‍വീസുകളും പുതിയ സമയപ്പട്ടികയിലുണ്ട്.

അന്താരാഷ്ട്ര മേഖലയില്‍ ദുബായിലേക്കാണ് ഏറ്റവുമധികം സര്‍വീസ് - ആഴ്ചയില്‍ 60. ഷാര്‍ജയിലേക്കും മസ്‌കറ്റിലേക്കും പ്രതിവാരം 35 സര്‍വീസുകള്‍ വീതം. എയര്‍ ഇന്ത്യ മാത്രം അന്താരാഷ്ട്ര മേഖലയില്‍ പ്രതിവാരം 82 സര്‍വീസുകള്‍ നടത്തും.

ചെലവുകുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ആഴ്ചയില്‍ 80 സര്‍വീസ് നടത്തും. ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ പ്രതിദിനം ഒരു സര്‍വീസ് കൂടിചേര്‍ത്തു. പുതിയ വിമാനം ദിവസവും വൈകീട്ട്്് 4.10 ന് കൊച്ചിയിലെത്തും 4.55 ന് മടങ്ങും. സ്‌പൈസ് ജെറ്റ് സര്‍വീസുകളുടെ എണ്ണം 28ല്‍ നിന്ന് 42 ആയി ഉയര്‍ത്തി. ഷാര്‍ജയിലേക്ക് പ്രതിദിന അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ സര്‍വീസ് 224 ആയിരുന്നത് 252 ആയി വര്‍ധിപ്പിച്ചു.

നിലവിലുള്ള പ്രതിദിന തിരുവനന്തപുരം സര്‍വീസുകള്‍ക്ക് പുറമെ ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരം-കൊച്ചി-തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ വിമാനമുണ്ടാകും. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.15ന് തിരുവനന്തപുരത്തുനിന്ന് ഇന്‍ഡിഗോ വിമാനം കൊച്ചിയിലെത്തും. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തും. മേയ് 10ന് ഈ രണ്ട് സര്‍വീസുകളും ആരംഭിക്കും.

ഹൈദരാബാദ്-കൊച്ചി-ചെന്നൈ, ബെംഗളൂരു-കൊച്ചി-ബെംഗളൂരു റൂട്ടുകളിലേക്ക് പ്രതിദിന സര്‍വീസുകള്‍ ഇന്‍ഡിഗോ അധികമായി നടത്തും. കൊല്‍ക്കത്ത-കൊച്ചി-കൊല്‍ക്കത്ത റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള പുതിയ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 9.45ന് കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയില്‍ വിമാനമെത്തും. പിറ്റേന്ന് ഉച്ചയ്ക്ക് 1.05ന് കൊല്‍ക്കത്തയിലേക്കും സര്‍വീസ് പുറപ്പെടും.

പുതിയ സമയക്രമമനുസരിച്ച് പ്രതിവാരം ഡല്‍ഹിയിലേക്ക് 65, മുംബൈയിലേക്ക് 63 എന്നിങ്ങനെയാണ് സര്‍വീസുകള്‍. ബെംഗളൂരു - 54, ചെന്നൈ - 41, ഹൈദരാബാദ് - 55, തിരുവനന്തപുരം - 15, ജയ്പുര്‍ - ഏഴ്, കോഴിക്കോട് - ഏഴ്, പുണെ - 13, അഹമ്മദാബാദ് - 14 എന്നിങ്ങനെയാണ് മറ്റു പ്രതിവാര സര്‍വീസുകള്‍. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും പ്രതിദിനം ശരാശരി ഏഴ് സര്‍വീസുകളുണ്ട്. ഇവയില്‍ ആറും നേരിട്ടുള്ള സര്‍വീസുകളാണ്.