കൊച്ചി: ലോകമെങ്ങും കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം ശക്തിപ്പെടുമ്പോൾ ചൈന ഇതിൽ നിന്ന് മുക്തി നേടി ത്വരിത സാമ്പത്തിക വളർച്ചയിലേക്ക് തിരിച്ചെത്തുന്നു. ഈ വർഷം ആദ്യ പാദത്തിൽ ചൈന, മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) 18.3 ശതമാനം കുതിച്ചുചാട്ടം നടത്തി.

മുൻ വർഷം ഇതേ കാലയളവിൽ കൊറോണ വ്യാപനം രൂക്ഷമായിരുന്നതിനാൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഏതാണ്ട് നിശ്ചലമായിരുന്നു. ആ നിലയിൽനിന്ന് നോക്കുമ്പോഴാണ് ഇത്തവണ 18.3 ശതമാനം വളർച്ച നേടാനായത്.

ആറു ശതമാനം വാർഷിക വളർച്ച ലക്ഷ്യമിടുന്നതിനിടെയാണ് ആദ്യ പാദത്തിൽ തന്നെ ഇത്ര ഉയർന്ന വളർച്ച നേടിയിരിക്കുന്നത്. ചൈനയും യു.എസും മറ്റു മുൻനിര രാജ്യങ്ങളെ പിന്നിലാക്കി കുതിക്കുമെന്നാണ് പ്രവചനങ്ങൾ.

റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലുണ്ടായ ശക്തമായ നിക്ഷേപമാണ് കഴിഞ്ഞ വർഷം സമ്പദ്ഘടനയിൽ തിരിച്ചുകയറ്റത്തിന് വഴിെവച്ചത്. ഇത് വ്യാവസായിക ഉത്പന്നങ്ങൾക്ക് ഡിമാൻഡ് ഉണ്ടാക്കി. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻതോതിൽ കയറ്റുമതി ഓർഡർ ലഭിച്ചതും നേട്ടമായി.

മാർച്ചിൽ വ്യാവസായിക ഉത്പാദനം 14.1 ശതമാനം കൂടിയപ്പോൾ റീട്ടെയിൽ വില്പന 34.2 ശതമാനം കൂടി. തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനം മാത്രമാണ്.