കൊച്ചി: ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും നിക്ഷേപകർ പണപ്പെരുപ്പത്തെ നേരിടാനുള്ള മികച്ച നിക്ഷേപമാർഗമായി സ്വർണത്തെ കണക്കാക്കുന്നതായി ‘വേൾഡ് ഗോൾഡ് കൗൺസിലി’ന്റെ പഠനം. പണപ്പെരുപ്പം ഓരോ ശതമാനം ഉയരുമ്പോഴും സ്വർണത്തിനുള്ള ആവശ്യം ഇന്ത്യയിൽ 2.6 ശതമാനം വീതമാണ് ഉയരുന്നത്.

ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യം സംബന്ധിച്ച് 1990 മുതൽ 2020 വരെയുള്ള മൂന്നു പതിറ്റാണ്ടിലെ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തു കൊണ്ട് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഇന്ത്യൻ സ്വർണ ഡിമാൻഡിന്‌ പിന്നിലുള്ള ഘടകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദീർഘകാലയളവിലും ഹ്രസ്വകാലയളവിലുമുള്ള വിവിധ വസ്തുതകൾ ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. വരുമാനം, സ്വർണവില നിലവാരം, സർക്കാർ നികുതികൾ എന്നിവയാണ് ഉപഭോക്താക്കളുടെ സ്വർണ ആവശ്യത്തെ സ്വാധീനിക്കുന്ന മൂന്നു മുഖ്യ ഘടകങ്ങളെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മൊത്തം ദേശീയ വരുമാനത്തിൽ ഓരോ ശതമാനം വർധനയുണ്ടാകുമ്പോഴും സ്വർണത്തിനുള്ള ആവശ്യം 0.9 ശതമാനം വർധിക്കും. രൂപയുടെ അടിസ്ഥാനത്തിൽ സ്വർണ വിലയിൽ ഓരോ ശതമാനം വർധനയുണ്ടാകുമ്പോഴും ആവശ്യം 0.4 ശതമാനം കണ്ട് ഇടിയാറുമുണ്ട്. ഇറക്കുമതി നികുതിയും മറ്റ് നികുതികളും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന്റെ ആവശ്യത്തെ ബാധിക്കാറുണ്ട്.

സ്വർണവിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ആവശ്യത്തേയും തുടർച്ചയായ മാറ്റങ്ങൾ ദീർഘകാല ആവശ്യത്തേയും ബാധിക്കും. ഇന്ത്യയിലെ സ്വർണ ആവശ്യത്തെ ബാധിക്കുന്നത് വിവിധങ്ങളും മാറിക്കൊണ്ടിരിക്കുന്നതുമായ ഘടകങ്ങളാണെന്ന കാര്യം വീണ്ടും ഉറപ്പിക്കുന്നതാണ് തങ്ങളുടെ ഏറ്റവും പുതിയ ഗവേഷണമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജണൽ സി.ഇ.ഒ. പി.ആർ. സോമസുന്ദരം പറഞ്ഞു.