മുംബൈ: ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ വൻകുതിപ്പ്. വാണിജ്യമന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുപ്രകാരം 2020-21 സാമ്പത്തികവർഷം കയറ്റുമതി ആദ്യപാദത്തിലെ 5144 കോടി ഡോളറിനേക്കാൾ (383 ലക്ഷം കോടിരൂപ) 85 ശതമാനം വർധിച്ച് 9536 കോടി ഡോളറിൽ (7.10 ലക്ഷം കോടിരൂപ) എത്തി. 2019-20 ആദ്യപാദത്തിലേക്കാൾ 18 ശതമാനം അധികമാണിത്.

ഏതെങ്കിലുമൊരു പാദത്തിലുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 2018-19 സാമ്പത്തികവർഷത്തെ 8,200 കോടി ഡോളർ (6.11 ലക്ഷം കോടിരൂപ) ആയിരുന്നു ആദ്യ പാദത്തിൽ മുമ്പു രേഖപ്പെടുത്തിയ ഉയർന്ന കയറ്റുമതി. ഇതിനേക്കാൾ 16 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. ഏതെങ്കിലുമൊരു പാദത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതി 2020-21 സാമ്പത്തികവർഷം നാലാംപാദത്തിൽ രേഖപ്പെടുത്തിയ 9,000 കോടി ഡോളർ (6.70 ലക്ഷം കോടി

രൂപ ) ആയിരുന്നു.

നടപ്പുസാമ്പത്തികവർഷം ഏപ്രിൽ-ജൂൺ കാലയളവിലെ ഇറക്കുമതി 12,614 കോടി ഡോളർ (9.4 ലക്ഷം കോടിരൂപ) ആണ്. മുൻവർഷം ആദ്യപാദത്തിലിത് 6,065 കോടി ഡോളർ (4.52 ലക്ഷം കോടിരൂപ) ആയിരുന്നു- 48 ശതമാനം വർധന. അതേസമയം, 2019 -20 സാമ്പത്തികവർഷത്തെ 13,100 കോടി ഡോളറിനേക്കാൾ (9.76 ലക്ഷം കോടിരൂപ) 3.05 ശതമാനം കുറവാണ്. ഇതോടെ ആദ്യ ത്രൈമാസത്തിൽ വ്യാപാരക്കമ്മി 3,078 കോടി ഡോളർ (2.29 ലക്ഷം കോടി രൂപ) ആയി.

2021 ജൂണിൽ കയറ്റുമതി മുൻവർഷത്തേക്കാൾ 47 ശതമാനം വർധിച്ച് 3,246 കോടി ഡോളറിൽ (2.42 ലക്ഷം കോടി രൂപ) എത്തി. എൻജിനിയറിങ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ പുരോഗതിയാണ് വർധനയ്ക്കു കാരണം. അതേസമയം, ഇറക്കുമതി 2020 ജൂണിലേക്കാൾ 96.33 ശതമാനം ഉയർന്ന് 4186 കോടി ഡോളർ (3.12 ലക്ഷം കോടിരൂപ) ആയി. 2019-നെ അപേക്ഷിച്ച് 2.03 ശതമാനം മാത്രമാണ് വർധന. ജൂണിലെ വ്യാപാരക്കമ്മി 940 കോടി ഡോളറായി (70,047 കോടി രൂപ) ഉയർന്നു. കഴിഞ്ഞവർഷം കോവിഡ് ലോക്ഡൗൺമൂലം ഇറക്കുമതി കുറഞ്ഞതിനാൽ 71 കോടി ഡോളർ വ്യാപാരമിച്ചം രേഖപ്പെടുത്തിയിരുന്നു. പെട്രോളിയം, മുത്തുകൾ, വിലപിടിപ്പുള്ള കല്ലുകൾ, ഇലക്‌ട്രോണിക്സ് എന്നിവയുടെ ഇറക്കുമതിയാണ് കൂടിയത്. ജൂണിൽ 1068 കോടി ഡോളറിന്റെ (79,500 കോടിരൂപ) അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു. മുൻവർഷമിത് 497 കോടി ഡോളർ (37,035 കോടി രൂപ) മാത്രമായിരുന്നു.

നടപ്പുസാമ്പത്തികവർഷം ആകെ 40,000 കോടി ഡോളറിന്റെ (29.8 ലക്ഷം കോടിരൂപ) കയറ്റുമതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് വാണിജ്യമന്ത്രി പറഞ്ഞു. അഞ്ചുവർഷംകൊണ്ട് സേവനമേഖലയിലെ കയറ്റുമതി 50,000 കോടി ഡോളർ (37.25 ലക്ഷം കോടി രൂപ) കടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അഞ്ചുവർഷത്തിനകം ഇത് ലക്ഷം കോടി ഡോളറിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്.